ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ദേശീയ ന്യൂനപക്ഷാവകാശ പുരസ്കാരം തിരിച്ചു നല്‍കികൊണ്ട് സാമൂഹ്യപ്രവര്‍ത്തകയായ ശബ്നം ഹാഷ്മിയുടെ പ്രതിഷേധം. ചൊവ്വാഴ്ചയാണ് മുസ്‌ലിം സമുദായത്തിനു നേരെയുള്ള ആക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തില്‍ ശബ്നം ഹാശ്മി പുരസ്കാരം തിരിച്ചുനല്‍കികൊണ്ട് പ്രതിഷേധം അറിയിച്ചത്. ആള്‍കൂട്ട നീതിയും ഇസ്‌ലാമോഫോബിയയും ഇന്ത്യയെ പിടിച്ചടക്കിയിരിക്കുന്നു എന്നായിരുന്നു ശബ്നത്തിന്‍റെ പ്രതികരണം.

ദേശീയ ന്യൂനപക്ഷ കമ്മീഷനു പുരസ്കാരം തിരികെ നല്‍കിയ ശബ്നം ഹാഷ്മി, “ന്യൂനപക്ഷ കമ്മീഷനു അതിന്റെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു” എന്നു പറഞ്ഞുകൊണ്ട് കമ്മീഷന്‍ അംഗങ്ങള്‍ക്ക് ഒരു കത്തും നല്‍കി.

“എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ട ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ദേശീയ ന്യൂനപക്ഷാവകാശ പുരസ്കാരം ഞാന്‍ തിരിച്ചുനല്‍കുകയാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളിലും കൊലപാതകങ്ങളിലും അതുപോലെതന്നെ അക്രമി സംഘത്തിനു നേരെയുള്ള സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം, സഹിഷ്ണുത മൗനം എന്നിവയിലും പ്രതിഷേധിച്ചാണ് ഇത്” ഹാഷ്മി കത്തില്‍ പറഞ്ഞു.

ചൂഷകരായ ജനകൂട്ടത്തിന്‍റെ കൈകളില്‍ ജീവന്‍ നഷ്ടപ്പെട്ട എണ്ണമറ്റ നിരപരാധികളുടെ ഓര്‍മയിലാണ് ഞാന്‍ ഇത് തിരിച്ചുനല്‍കുന്നത്. ആള്‍കൂട്ട നീതിയും ഇസ്‌ലാമോഫോബിയയും ഇന്ത്യയെ പിടിച്ചടക്കിയിരിക്കുന്നു. സമുദായം ഒരു മരണത്തില്‍ വിലപിച്ചുതീരും മുമ്പ് തന്നെ അടുത്ത മരണം നടക്കുകയാണ്. ഭയത്തിന്റെയും ഭീതിയുടേയും ഒരു അന്തരീക്ഷം എപ്പോഴുമുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കീഴില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ പാര്‍ശ്വവത്കരണം ഒരു പതിവായിരിക്കുകയാണ് ” അവര്‍ കൂട്ടിചേർത്തു.

അതിനിടയില്‍ 2007ല്‍ പുരസ്കാരം ലഭിച്ച ജാവേദ് ആനന്ദ് “ഹാഷ്മിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ഇപ്പോള്‍ അവര്‍ അങ്ങനെ ചെയ്ത സ്ഥിതിക്ക് ഞാനും അതിനെകുറിച്ച് ചിന്തിക്കുകയാണ്.” എന്ന് പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ശബ്നം ഹാഷ്മി 1980കളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെയാണ് സാമൂഹ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2002ലെ ഗുജറാത്ത് വംശീയ കലാപത്തിനു ശേഷം ജനാധിപത്യം സംരക്ഷണം, സാമൂഹ്യമൈത്രി എന്നിവയായി ശബ്നം ഹാഷ്മിയുടെ പ്രവര്‍ത്തനമേഖല. 2005ല്‍ നോബല്‍ സമാധാന പുരസ്കാരത്തിനു ശുപാര്‍ശചെയ്യപ്പെട്ട ശബ്നം ഹാഷ്മി. വധിക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തകനും നാടകകൃത്തുമായ സഫ്ദാര്‍ ഹാഷ്മിയുടെ സഹോദരിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook