ബംഗളൂരു: കർണാടകയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നത് ഗൂഗിളില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറെ. ബിദാര്‍ ജില്ലയിലാണ് അക്രമം നടന്നത്. 32കാരനായ മുഹമ്മദ് അസം എന്ന ഹൈദരാബാദ് സ്വദേശിയെയാണ് കൊലപ്പെടുത്തിയത്. മൂന്ന് പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു.

ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സല്‍ഹാം ഈദല്‍ ഖുബൈസി (38), മുഹമ്മദ് സല്‍മാന്‍, നൂര്‍ മുഹമ്മദ് എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇതില്‍ സല്‍ഹാം ഖത്തര്‍ പൗരനാണ്. ഇയാള്‍ക്ക് ഗുരുതരമായ പരുക്കുണ്ട്. ഹന്ദികേര ജില്ലയിലെ മുഹമ്മദ് ബഷീര്‍ എന്ന സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവര്‍.

യാത്രയ്ക്കിടെ ബല്‍കൂത്ത് തണ്ടയില്‍ ഭക്ഷണം കഴിക്കാനായി ഇവര്‍ വാഹനം നിര്‍ത്തി ഇറങ്ങി. ഇതിനിടെ സ്കൂള്‍ വിട്ടു പോവുകയായിരുന്ന കുട്ടികള്‍ക്ക് സല്‍ഹാം വിദേശത്ത് നിന്ന് കൊണ്ട് വന്ന ചോക്ലേറ്റ് വിതരണം ചെയ്തതാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ഇവര്‍ ആക്രമണം അഴിച്ചുവിട്ടു. സ്ഥലത്ത് നിന്നും ഉടന്‍ തന്നെ വാഹനത്തില്‍ കയറി നാല് പേരും രക്ഷപ്പെട്ടെങ്കിലും സമീപ പ്രദേശമായ മുര്‍കി ഗ്രാമത്തിലെ സംഘത്തെ ഇവര്‍ ഫോണ്‍ വിളിച്ച് വാഹനം തടയാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ മരം മുറിച്ചിട്ട് റോഡ് തടഞ്ഞു. തുടര്‍ന്ന് അസമിനെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി. കല്ല് കൊണ്ടും മരം വടികൊണ്ടും അടിച്ച് കൊലപ്പെടുത്തി.

തുടര്‍ന്ന് പൊലീസെത്തി മറ്റ് മൂന്ന് പേരെ രക്ഷിച്ചു. വാട്സ്ആപ്പിലൂടെ നടത്തിയ തെറ്റായ പ്രചരണമാണ് കൊലപാതകത്തില്‍ കാലശിച്ചത്. ഇതില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക സംഘത്തിലെ 30 പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാണെന്ന് വാട്‌സ്ആപ്പില്‍ പ്രചരണം നടക്കുന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം അക്രമങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ച മഹാരാഷ്ട്രയിലെ ദുലെ ജില്ലയില്‍ അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആദിവാസി ഗ്രാമമായ റയിന്‍പാടയില്‍ ബസില്‍ വന്നിറങ്ങിയ സംഘത്തിലെ അഞ്ച് പേരെയാണ് ആക്രമിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിലെ ഒരു കുട്ടിയോട് സംസാരിക്കുന്നത് കണ്ട് ഞായറാഴ്‌ച ബസാറില്‍ കൂടിയിരുന്ന ആളുകള്‍ ആക്രമിക്കുകയായിരുന്നു.

ചെന്നൈയിലും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇരുവരേയും പിന്നീട് പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, പശുക്കശാപ്പ് എന്നിവ ആരോപിച്ച് രാജ്യത്ത് പലയിടത്തും തല്ലിക്കൊല്ലല്‍ സംഭവങ്ങള്‍ നിരന്തരം അരങ്ങേറുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook