ബംഗളൂരു: കര്‍ണാടകയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാനുള്ള സഖ്യസര്‍ക്കാറിന്റെ ശ്രമങ്ങള്‍ തുടരുന്നു. തന്റെ സഹപ്രവര്‍ത്തകര്‍ തിരികെ എത്തി ‘സര്‍ക്കാരിനെ രക്ഷിക്കും’ എന്നാണ് പ്രതീക്ഷയെന്ന് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ പറഞ്ഞു.
‘ഞങ്ങളുടെ എല്ലാ എംഎല്‍എമാരിലും എനിക്ക് വിശ്വാസമുണ്ട്. അവര്‍ കോണ്‍ഗ്രസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് കടുവകളെ പോലെ പോരാടിയവരാണ്. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിനെതിരെ അവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല. നിയമപരമായി ഞങ്ങള്‍ക്ക് മുന്‍തൂക്കമുണ്ട്. അവര്‍ എതിരായി വോട്ട് ചെയ്താല്‍ അംഗത്വം നഷ്ടമാകും. അവര്‍ പാര്‍ട്ടിയെ വീഴ്ത്തില്ലെന്നാണ് വിശ്വാസം,’ ശിവകുമാര്‍ പറഞ്ഞു.
അതേസമയം ഇന്നലെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച എം.ടി.ബി നാഗരാജ് ഇന്ന് മുംബൈയിലെ വിമത ക്യാംപിലെത്തി. മറ്റ് രണ്ട് പേര്‍ കൂടി വിമതര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇനിയുള്ള ഏക പ്രതീക്ഷയായ രാമലിംഗറെഡ്ഡിയുമായി അനുനയ ശ്രമങ്ങള്‍ തുടരുകയാണ്. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ കോണ്‍ഗ്രസ് എം.എല്‍.എമാരുമായും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും എച്ച്.ഡി ദേവഗൌഡയുമായും ചര്‍ച്ചകള്‍ നടത്തുകയാണ്.
Read More: കര്‍ണാടക: സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയില്‍
കാര്യങ്ങള്‍ ഏറെക്കുറെ കരക്കെത്തിയെന്ന ആശ്വാസത്തിലായിരുന്നു കോണ്‍ഗ്രസും ജെ.ഡി.എസും ഇന്നലെ. എന്നാല്‍ ഇന്ന് രാവിലെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു. ഇന്നലെ സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി കുമാരസ്വാമിയ്ക്കും ഒപ്പം മാധ്യമങ്ങളെ കണ്ട നാഗരാജ് രാജി പുനപരിശോധിക്കുമെന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ന് രാവിലെ ബി.ജെ.പി നേതാക്കള്‍ക്കും ബി.എസ് യദ്യൂരപ്പയുടെ പിഎ സന്തോഷിനുമൊപ്പം മുംബൈയിലേക്ക് പോവുകയായിരുന്നു. സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുമ്പോള്‍ അനുകൂല നിലപാടെടുക്കാത്ത എം.എല്‍.എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.
രാജിവെച്ചവരില്‍ രാമലിംഗ റെഡ്ഡി, ആനന്ദ് സിങ്, റോഷന്‍ ബെയ്ഗ് എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ബംഗളൂരുവിലുള്ളത്. ഇതില്‍ രാമലിംഗറെഡ്ഡിയെ അനുനയിപ്പിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷകളുണ്ട്. ഇതിനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ഭാഗത്തുനിന്നും ഇപ്പോള്‍ നടക്കുന്നത്. രാജിവെച്ച 19 പേരില്‍ 16 എം.എല്‍.എമാരും ഇപ്പോള്‍ മുംബൈയില്‍ എത്തിക്കഴിഞ്ഞു.