ചെന്നൈ: എതിരാളികള്‍ സകല ചതികളും പയറ്റുമെന്നും എന്നാല്‍ അവരെ കാത്തിരിക്കുന്നത് പരാജയമാണെന്നും വികെ ശശികല. മാധ്യമ പ്രവർത്തകരുമായി സംസാരിക്ക​വെയാണ്​ അവർ കണ്ണീരോടെ ഇക്കാര്യം പറഞ്ഞത്​. ഭീഷണികളെ ഭയക്കുന്നില്ല. ജീവന്‍ നല്‍കിയും പാര്‍ട്ടിയെ രക്ഷിക്കും. പ്രശ്​നങ്ങൾക്ക്​ പിന്നിൽ എം.ജി.ആർ മരിച്ചപ്പോൾ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ​ശ്രമിച്ചവരാണ്​. രാഷ്​ട്രീയത്തിലിറങ്ങുന്ന സ്​ത്രീകളെ ഇല്ലാതാക്കാൻ ചിലർ ​​ശ്രമിക്കുന്നതായും ശശികല ആരോപിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി കാത്തിരുന്ന് കാണാം. താന്‍ ആരേയും പൂട്ടിയിട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എംഎല്‍എമാരെ തടവില്‍ ഇട്ടിരിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശശികല. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനാനുമതി ലഭിച്ചതിന് ശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശികല.

എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. എഐഎഡിഎംകെ ഒറ്റക്കെട്ടാണ്. തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ശശികല ആരോപിച്ചു. ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത ഗവര്‍ണര്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പിന്തുണയേറുന്ന സാഹചര്യത്തില്‍ എംഎഎല്‍മാരെ കാണാന്‍ എത്തിയതായിരുന്നു ശശികല. ജയലളിതയ്ക്ക് താന്‍ മാപ്പപേക്ഷ എഴുതി നല്‍കിയെന്ന പനീര്‍ശെല്‍വത്തിന്റെ ആരോപണവും ശശികല നിഷേധിച്ചിട്ടുണ്ട്.

ജയലളിതയ്ക്ക് താന്‍ എഴുതി നല്‍കിയ കത്തെന്ന രീതിയില്‍ ഒരു മാപ്പപേക്ഷ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. ഒരു സ്ര്തീ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സഹിക്കാന്‍ കഴിയാത്തവരാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത്. മുമ്പും പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദിനംപ്രതി തനിക്ക് പിന്തുണയേറി വരുന്ന സാഹചര്യത്തിൽ , എം.എൽ.എമാരെ പ്രലോഭിപ്പിച്ച് തന്റെ പക്ഷത്ത് കൊണ്ടുവരാനാണ് പനീർശെൽവത്തിന്റെ നീക്കം.

അതിനിടെ, തങ്ങളെ തുറന്ന് വിടണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം എം.എൽ.എമാർ റിസോർട്ടിൽ ബഹളം വച്ചതായി റിപ്പോർട്ടുണ്ട്. ഇതും ശശികലയുടെ അടിയന്തര യാത്രയ്ക്കുള്ള കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook