ചെന്നൈ: കരുണാനിധിയുടെ വിയോഗത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ പ്രബല രാഷ്ട്രീയ കക്ഷിയായ ഡിഎംകെയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിൻ വരുമെന്ന് ഉറപ്പായി. അദ്ധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പിൽ 65 ജില്ല സെക്രട്ടറിമാരുടെ പിന്തുണയോടെയാണ് സ്റ്റാലിൻ പത്രിക സമർപ്പിച്ചത്.

പത്രിക സമർപ്പണത്തിനുളള അവസാന തീയ്യതി ഇന്നാണ്. ഇതുവരെ മറ്റാരും പത്രിക സമർപ്പിച്ചിട്ടില്ല. നിലവിൽ ഡിഎംകെയുടെ വർക്കിങ് പ്രസിഡന്റാണ് സ്റ്റാലിൻ. സ്റ്റാലിന്റെ പത്രികയ്ക്ക് ഒപ്പം പാർട്ടിയുടെ ട്രഷറർ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ദുരൈ മുരുകനും പത്രിക സമർപ്പിച്ചിട്ടുണ്ട്.

മറീന ബീച്ചിൽ കരുണാനിധിയുടെ സമാധിയിൽ എഴുതി തയ്യാറാക്കിയ പത്രിക വച്ച് അനുഗ്രഹം തേടിയ ശേഷമാണ് സ്റ്റാലിൻ പത്രിക സമർപ്പിക്കാനായി പാർട്ടി ആസ്ഥാനത്തെത്തിയത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെങ്കിലും ജനറൽ കൗൺസിൽ യോഗത്തിലേ പ്രഖ്യാപനം ഉണ്ടാകൂ. ചൊവ്വാഴ്ചയാണ് ഡിഎംകെയുടെ ജനറൽ കൗൺസിൽ യോഗം.

എന്നാൽ കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡിഎംകെയിലേക്കുളള മടങ്ങിവരവ് ലക്ഷ്യമിട്ട് അഴിഗിരി റാലിക്കൊരുങ്ങുകയാണ്.  ഡിഎംകെയ്‌ക്കുള്ള മുന്നറിയിപ്പ് എന്നാണ് സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന റാലിയെ അഴഗിരി വിശേഷിപ്പിച്ചത്. റാലിയിലൂടെ തന്റെ ജനപിന്തുണ സ്റ്റാലിൻ അടക്കമുളള നേതാക്കൾക്ക് മനസിലാക്കിക്കൊടുക്കുകയാണ് അഴഗിരിയുടെ ലക്ഷ്യം.

കരുണാനിധി അഴഗിരിയെ 2014ലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്.  തമിഴ്നാടിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായ ശക്തിയുളള നേതാവാണ് അഴഗിരി.  പാര്‍ട്ടിയിലേക്കുള്ള തന്റെ മടങ്ങിവരവിന് തടസമായി നില്‍ക്കുന്നത് സ്റ്റാലിനാണ് എന്നാരോപിച്ചാണ് അഴഗിരി രംഗത്ത് വച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook