ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ഡിഎംകെ നേതാവ് സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു സ്റ്റാലിന്‍ കേജ്‌രിവാളിനെ കണ്ടത്. കേജ്‌രിവാളിനോട് കോണ്‍ഗ്രസ് വിരുദ്ധ നിലപാട് ഉപേക്ഷിക്കാനും രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

“കോണ്‍ഗ്രസിനോട് അകലം പാലിക്കേണ്ടതില്ല. രാജ്യത്തിന് മഹാസഖ്യത്തിന്റെ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് അതില്‍ വ്യക്തമായൊരു റോളുമുണ്ട്”എന്ന് സ്റ്റാലിന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് റിപ്പോർട്ട്. കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു നിന്നു.

നേരത്തെ സമാനമായ രീതിയില്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഫാറൂഖ് അബ്ദുളളയും പ്രതികരിച്ചിരുന്നു. നിങ്ങളുടെ ഈഗോ മാറ്റിവയ്ക്കണമെന്നായിരുന്നു ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നത്. അതേസമയം കോണ്‍ഗ്രസാണ് സഹകരിക്കാത്തതെന്നാണ് എഎപിയുടെ ആരോപണം. നേരത്തെ ആർജെഡി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി കേജ്‌രിവാളുമായി വേദി പങ്കിടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേജ്‌രിവാളും ആദ്യമായി ഒരേ വേദിയിലെത്തിയത് കഴിഞ്ഞ മാസം അവസാനം നടന്ന കർഷക മാർച്ചിനിടെയായിരുന്നു. ഇരുവരും റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയതായിരുന്നു. മെയ് മാസം എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും കേജ്‌രിവാള്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷ ഐക്യത്തിന്റെ ശക്തമായ മുന്നറിയിപ്പായിട്ടായിരുന്നു ആ വേദി പങ്കിടല്‍ വിലയിരുത്തപ്പെട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ