ന്യൂഡൽഹി: മീ ടൂ ക്യാമ്പയിനിലൂടെ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയാ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ മാനനഷ്ട കേസ് നൽകി. മനപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് പ്രിയ രമണിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.

മന്ത്രി എന്ന നിലക്ക് മാത്രമല്ല, വർഷങ്ങൾകൊണ്ട് താൻ ആർജ്ജിച്ചെടുത്ത കീർത്തിയും ബഹുമാനവും തന്റെ കുടുംബത്തിനിടയിലും സഹപ്രവർത്തകർക്കിടയിലും നഷ്ടപ്പെടുത്തിയെന്നും അക്ബർ പറയുന്നു. തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബർ ഉന്നയിച്ചിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങൾ ഇന്നലെ അക്ബർ നിഷേധിച്ചിരുന്നു. രാഷ്ട്രീയ അജണ്ടയുടെ ഭാഗം മാത്രമാണ് തനിക്കെതിരായ ആരോപണമെന്നായിരുന്നു ഇന്നലെ അക്ബർ പറഞ്ഞത്.

Read Also: ‘അക്ബറിനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു, നീതിക്കായി പോരാടും’; വനിതാ മാധ്യമപ്രവർത്തകർ

പ്രിയാ രമണി എന്ന മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റോടെയാണ് അക്ബറിനെതിരായ മീ ടൂ ആരോപണങ്ങളുടെ തുടക്കം. പിന്നീട് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഗസാല വഹാവ് അടക്കമുള്ള 12 മാധ്യമപ്രവർത്തകർ കൂടി രംഗത്തെത്തുകയായിരുന്നു. അക്ബര്‍ പീഡിപ്പിച്ചതായി ആരോപിച്ച് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിരുന്നു.

അതേസമയം കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ ഉയർത്തിയ ലൈംഗിക ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി വനിതാ മാധ്യമപ്രവർത്തകർ അറിയിച്ചു. തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ അക്ബർ നിഷേധിച്ചതിനുപിന്നാലെയാണ് അഞ്ചു വനിത മാധ്യമപ്രവർത്തകർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അക്ബറിന്റെ പ്രതികരണത്തിൽ നിരാശരാണെന്നും പറഞ്ഞ അതിൽ അത്ഭുതപ്പെടുന്നില്ലെന്നും അവർ വ്യക്തമാക്കി.

അക്ബറിനെതിരെ ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ദി ഏഷ്യൻ ഏജിന്റെ റെസിഡന്റ് എഡിറ്റർ സുപർണ ശർമ്മ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”രണ്ടു സംഭവങ്ങളിലും ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഒരിക്കൽ അയാൾ എന്റെ ബ്രായുടെ സ്ട്രാപ് പറിച്ചെടുത്തു, മറ്റൊരിക്കൽ അയാൾ എന്റെ മാറിടത്തിൽ കൈവച്ചു. അയാൾ തന്റെ ഓഫിസിലെ മറ്റു സ്ത്രീകളോടും ഇത്തരത്തിൽ മോശമായി പെരുമാറിയെന്ന കാര്യത്തിലും ഞാൻ ഉറച്ചുനിൽക്കുന്നു. അയാൾ ആരോപണങ്ങൾ നിഷേധിച്ചതിൽ എനിക്ക് അത്ഭുതമില്ല. ഇതൊരു നീണ്ട യുദ്ധമാണ്. അടുത്തത് നിയമപരമായുളള പോരാട്ടമാണ്.”

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ