ന്യൂഡൽഹി: വിദേശപര്യടനം പൂർത്തിയാക്കി കേന്ദ്രമന്ത്രി എം.ജെ.അക്ബർ ഇന്ത്യയിൽ തിരിച്ചെത്തി. രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ശക്തമായ സുരക്ഷയോടെ പൊലീസ് പുറത്തത്തിച്ചു. മീ ടൂ ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഇതാദ്യമായാണ് അക്ബർ ഇന്ത്യയിലെത്തുന്നത്. വിവാദത്തില്‍ വൈകാതെ പ്രതികരണം നടത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നൈജീരിയയിലായിരുന്ന മന്ത്രി ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
അക്ബറിനെതിരായി ഉയർന്ന ആരോപണങ്ങളിൽ ബിജെപി നേതൃത്വം ഇന്ന് തന്നെ അദ്ദേഹത്തോട് വിശദീകരണം തേടുമെന്നാണ് സൂചന. അക്ബർ നൽകുന്ന വിശദീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാവും വിവാദത്തിൽ ബിജെപി തുടർ നടപടികൾ സ്വീകരിക്കുക. അക്ബറിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അക്ബർ രാജിവയ്ക്കണമെന്ന് ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അക്ബറിനെതിരെ നിലവില്‍ കേസുകളൊന്നുമില്ലെന്നും മന്ത്രിയാകുന്നതിന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതായി പറയുന്ന സംഭവങ്ങളായതിനാലും അക്ബര്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് വാദിക്കുന്നവരും ബിജെപിയിലുണ്ട്.
പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റോടെയാണ് അക്ബറിനെതിരായ മീ ടൂ ആരോപണങ്ങളുടെ തുടക്കം. പിന്നീട് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഗസാല വഹാവ് അടക്കമുള്ളവര്‍ രംഗത്തെത്തി. അക്ബര്‍ പീഡിപ്പിച്ചതായി ആരോപിച്ച് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിരുന്നു.