ന്യൂഡല്‍ഹി: മീടൂ വെളിപ്പെടുത്തലിലൂടെ ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ നിയമപോരാട്ടത്തിന്. കരഞ്ജവാലാ ആന്റ് കമ്പനി എന്ന നിയമസ്ഥാപനമാണ്  അക്ബറിന് വേണ്ടി രംഗത്തിറങ്ങുന്നത്.

മീ ടൂ ക്യാമ്പയിനിലൂടെ തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരെ എം.ജെ.അക്ബർ മാനനഷ്ട കേസ് നൽകിയിട്ടുണ്ട്. മനപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് പ്രിയ രമണിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.

മന്ത്രി എന്ന നിലക്ക് മാത്രമല്ല, വർഷങ്ങൾകൊണ്ട് താൻ ആർജ്ജിച്ചെടുത്ത കീർത്തിയും ബഹുമാനവും തന്റെ കുടുംബത്തിനിടയിലും സഹപ്രവർത്തകർക്കിടയിലും നഷ്ടപ്പെടുത്തിയെന്നും അക്ബർ പറയുന്നു. തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബർ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം പോരാടാന്‍ താന്‍ തയ്യാറാണെന്നും ‘സത്യമാണ് തന്റെ ഏക പ്രതിരോധം’ എന്നും പ്രിയ രമണി പറഞ്ഞു. ഒരുപാട് യുവതികളുടെ ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പറഞ്ഞ് ഒരു കേന്ദ്രമന്ത്രി തളളിക്കളഞ്ഞതില്‍ തനിക്ക് നിരാശയുണ്ടെന്നും പ്രിയ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ ഇന്നലെ അക്ബർ നിഷേധിച്ചിരുന്നു. രാഷ്ട്രീയ അജണ്ടയുടെ ഭാഗം മാത്രമാണ് തനിക്കെതിരായ ആരോപണമെന്നായിരുന്നു ഇന്നലെ അക്ബർ പറഞ്ഞത്.

പ്രിയാ രമണി എന്ന മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റോടെയാണ് അക്ബറിനെതിരായ മീ ടൂ ആരോപണങ്ങളുടെ തുടക്കം. പിന്നീട് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഗസാല വഹാവ് അടക്കമുള്ള 14 മാധ്യമപ്രവർത്തകർ കൂടി രംഗത്തെത്തുകയായിരുന്നു. അക്ബര്‍ പീഡിപ്പിച്ചതായി ആരോപിച്ച് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ