ന്യൂഡൽഹി: തനിക്കെതിരായ മീ ടൂ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും, ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

“തെളിവുകൾ ഇല്ലാത്ത ആരോപണങ്ങൾ ഒരു പകർച്ച പനി പോലെ പടരുകയാണ്. അഭിഭാഷകരുമായി ചർച്ച ചെയ്ത ശേഷം നിയമനടപടി ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കും.” മന്ത്രി പറഞ്ഞു.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെട്ടിചമച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നതിനാലാണ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ആരോപണങ്ങൾ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ഉയർന്ന് വരുന്നത് ? ഇതിൽ എന്തെങ്കിലും രാഷ്ട്രീയ അജണ്ടയുണ്ടോ ? എം.ജെ അക്ബർ സംശയം ഉന്നയിച്ചു.

അടിസ്ഥാന രഹിതവും കെട്ടിചമച്ചതുമായ ആരോപണങ്ങൾ തന്റെ സൽപ്പേരിന് കോട്ടം വരുത്തിയെന്നും, ഇതിനെതിരെ നിയമനടപടിയിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

വിദേശപര്യടനം പൂർത്തിയാക്കി കേന്ദ്രമന്ത്രി എം.ജെ.അക്​ബർ​ ഇന്ത്യയിൽ തിരിച്ചെത്തിയത്. രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ശക്തമായ സുരക്ഷയോടെ പൊലീസ് പുറത്തത്തിക്കുകയായിരുന്നു. മീ ടൂ ആരോപണങ്ങൾ ഉയർന്നതിന്​ ശേഷം ഇതാദ്യമായാണ്​ അക്​ബർ ഇന്ത്യയിലെത്തുന്നത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook