Kerala Floods: പ്രളയക്കെടുതിയിൽ പെട്ടുഴലുന്ന കേരളത്തിന് മിസോറാം ഗവൺമെന്റ് രണ്ട് കോടി രൂപ നൽകുമെന്ന് മിസോറാം സർക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. മിസോറാം മുഖ്യമന്ത്രി ലാൽ തൻഹാവ്ലാ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് കത്തെഴുതി. ഇതിനൊപ്പം ആണ് ധനസഹായ കാര്യവും മിസോറാം മുഖ്യമന്ത്രി അറിയിച്ചത്.
മിസോറാം സർക്കാർ കേരളത്തിന് രണ്ട് കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് കേരള മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി എൽ.ആർ.സയിലോ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
മിസോറാമിലെ 34 കോൺഗ്രസ് എംഎൽഎമാരും ഓരോ ലക്ഷം രൂപ വീതം ദുരന്തമനുഭവിക്കുന്ന കേരളത്തിന് സംഭാവന ചെയ്യുമെന്നും അതുവഴി 34 ലക്ഷം രൂപ കൂടെ കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മിസോറാം നൽകുമെന്നും മുഖ്യമന്ത്രി ലാൽ തൻഹാവ്ലാ മറ്റൊരു കത്തിൽ പിണറായി വിജയനെ അറിയിച്ചു.