ഗതാഗതക്കുരുക്കിൽ കുടുങ്ങിയാൽ പിന്നെ രക്ഷയില്ല. ചിലപ്പോൾ മണിക്കൂറുകൾതന്നെ കുരുക്കിൽ കിടക്കേണ്ടിവരും. ഡൽഹി, ബെംഗളൂരു പോലുളള മെട്രോ സിറ്റികളിൽ ഒരു ദിവസം പോലും ഗതാഗതക്കുരുക്കിന് ഒഴിവുണ്ടാകില്ല. പലപ്പോഴും വാഹന യാത്രക്കാർ തന്നെയാവും ഗതാഗതക്കുരുക്കിന്റെ കാരണക്കാർ. എല്ലാവർക്കും വളരെ പെട്ടെന്ന് പോകണം. ഇതിനായി മൽസര ഓട്ടമാണ്. മുന്നിൽ പോകുന്ന വാഹനത്തെ മറികടക്കാനാവും പലരുടെയും ശ്രമം. ഇതാവട്ടെ അപകടങ്ങൾക്കുമാത്രമല്ല, ഗതാഗതക്കുരുക്കിനും ഇടയാക്കും.
ഗതാഗതക്കുരുക്കില്ലാതെ എങ്ങനെ യാത്ര ചെയ്യാമെന്നു ഓരോരുത്തർക്കും പഠിപ്പിച്ചു തരുന്നതാണ് മിസോറാമിൽനിന്നുളള ഒരു വിഡിയോ. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം നിരവധി പേർ വിഡിയോ കണ്ടുകഴിഞ്ഞു. ട്രാഫിക് പൊലീസിന്റെ സാന്നിധ്യമില്ലാതെ വാഹന യാത്രക്കാർതന്നെ സ്വയം ഗതാഗതം നിയന്ത്രിക്കുന്നു. കാറുകൾ എല്ലാം ഒരേനിരയിൽ പോകുന്നു. തൊട്ടടുത്തു കൂടി മറ്റൊരു നിരയിൽ ഇരുചക്രവാഹനവും പോകുന്നു. ആരും തന്നെ അവരവരുടെ നിര തെറ്റിക്കുന്നില്ല. മറ്റു വാഹനങ്ങൾക്ക് തടസ്സമില്ലാതെയാണ് റോഡിന്റെ വശങ്ങളിൽ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത്.
വിഡിയോ കണ്ടു കഴിയുമ്പോൾ നമുക്കും ഇങ്ങനെ വാഹനം ഓടിച്ചുകൂടേയെന്നു തോന്നിപ്പോകും.