ഐസ്വാള്‍: രാജ്യം എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മിസോറാമില്‍ ആളൊഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വ ബില്ലിനെതിരായി സംസ്ഥാനം മുഴുവന്‍ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകള്‍ സംയുക്തമായി തീരുമാനിച്ചതിന്റെ ഭാഗമായാണ് ജനങ്ങള്‍ പരിപാടി ബഹിഷ്‌കരിച്ചത്.

മന്ത്രിമാരും, ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഒഴികെ പൊതു ജനങ്ങള്‍ ആരും തന്നെ പരിപാടിയില്‍ പങ്കെടുത്തില്ല. എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും, പൊതുജനങ്ങളും ചേര്‍ന്നാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയത്.

റിപ്പബ്ലിക് ദിന പരേഡില്‍ ആറ് സായുധ സംഘങ്ങള്‍ പങ്കെടുത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വാര്‍ഷിക പരിപാടിയില്‍ പരമ്പരാഗതമായി 30 സംഘങ്ങള്‍ വരെയാണ് പങ്കെടുക്കാറ്. മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും പൊതു ജനങ്ങളുടേയും അഭാവത്തിലാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. സബ് ഡിവിഷണലുകളിലും ബ്ലോക്ക് ഓഫീസുകളിലും ഇതു തന്നെയായിരുന്നു അവസ്ഥ.

പരിപാടി നടക്കുന്ന സ്ഥലത്ത് പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അക്രമ സംഭവങ്ങള്‍ ഒന്നും അരങ്ങേറിയില്ല. റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ സമാധാനപൂര്‍ണമായി തന്നെ നടന്നു.

സംസ്ഥാന അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കുമ്മനം രാജശേഖരന്‍ തന്റെ റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പറഞ്ഞു. അതിര്‍ത്തി മേഖലകളില്‍ താമസിക്കുന്ന ജനങ്ങളുടെ വികസനത്തിനായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മിസോറാം വില്ലേജ്-ലെവൽ സിറ്റിസൺ രജിസ്ട്രേഷൻ നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മിസോ ഐഡന്റിറ്റി, പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

“നമ്മുടെ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ ഇന്ത്യയിലും ലോകത്താകമാനത്തിലുമുള്ള എല്ലാ മിസോ ജനതയുടെയും ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവർത്തിക്കാൻ ഈ സർക്കാർ ശ്രമിക്കും,” അദ്ദേഹം പറഞ്ഞു. സോഷ്യോ-ഇക്കണോമിക് ഡെവലപ്മെന്റ് പോളിസി (എസ്.ഇ.ഡി.പി.) എന്ന സാമൂഹിക-സാമ്പത്തിക പരിവർത്തനം ലക്ഷ്യമിട്ടുള്ള സമഗ്ര പുരോഗമന പരിപാടി, മിസോറാം അവതരിപ്പിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook