/indian-express-malayalam/media/media_files/uploads/2017/02/kummanam.jpg)
ഐസ്വാള്‍: ഗവര്‍ണറായി സ്ഥാനമേറ്റതിന് പിന്നാലെ കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ പ്രതിഷേധം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാമിന്റെ (പ്രിസം) നേതൃത്വത്തിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടക്കുന്നത്.
തന്റെ നാടായ കേരളത്തില്‍ അദ്ദേഹം മതേതര വിരുദ്ധമായ നിലപാടുകള്‍ എടുത്തയാളാണെന്നും തീവ്രഹിന്ദുത്വവാദിയാണെന്നും അതിനാല്‍ അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
സംസ്ഥാനത്തിലെ മത സ്വാതന്ത്ര്യവും മത സൗഹാര്‍ദ്ദവും നിലനിര്‍ത്താനായി കുമ്മനം രാജശേഖരനെതിരെ രംഗത്ത് വരാനും പ്രതിഷേധം അറിയിക്കാനും പ്രിസം സംസ്ഥാനത്തെ ചര്‍ച്ചുകളുടെ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു. എത്രയും പെട്ടെന്ന് തന്നെ രാജശേഖരനെ സംസ്ഥാനത്തു നിന്നും പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
'ക്രിസ്ത്യന്‍ വിരുദ്ധതയ്ക്ക് പേരുകേട്ട ആര്‍എസ്എസിന്റേയും വിശ്വ ഹിന്ദു പരിഷത്തിന്റേയും ഹിന്ദു ഐക്യ വേദിയുടേയും പ്രവര്‍ത്തകനും മുതിര്‍ന്ന നേതാവുമായിരുന്നു രാജശേഖരന്‍. 1983 ലെ നിലക്കല്‍ ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ബന്ധമുള്ളയാളും നിലക്കല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ജനറല്‍ കണ്‍വീനറുമായിരുന്നു അദ്ദേഹം,' പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള തങ്ങളുടെ കുറിപ്പില്‍ പ്രിസം പറയുന്നു.
അമേരിക്കന്‍ ക്രിസ്ത്യന്‍ മിഷണറി ജോസഫ് കൂപ്പറെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനാണ് പുതിയ ഗവര്‍ണറെന്നും 2003 ല്‍ 50ഓളം ക്രിസ്ത്യന്‍ മിഷണറിമാരെ കേരളത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തയാളാണ് അദ്ദേഹമെന്നും പ്രിസം പറയുന്നു.
ചൊവ്വാഴ്‌ചയായിരുന്നു കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. മിസോറാമിലേക്ക് വരാന്‍ കഴിഞ്ഞത് അഭിമാനമാണെന്നും സംസ്ഥാനത്തിന്റെ നന്മയ്ക്കായി കഴിയുന്നതെല്ലാം ചെയ്യുമെന്നും കുമ്മനം രാജശേഖര്‍ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.