ന്യൂഡല്‍ഹി: കോവാക്സിന്-കോവിഷീല്‍ഡ് മിശ്രിത രൂപത്തെ പറ്റിയുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐ.സി.എം.ആര്) ആദ്യ പഠന റിപ്പോര്‍ട്ട് പുറത്ത്. ഒരേ വാക്സിന് സ്വീകരിക്കുന്നതിനേക്കാള്‍ ഇത് സുരക്ഷിതമാണെന്നും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.
ഇന്നലെ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി നൽകിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് ഗുരുതരമാകുന്നതിൽനിന്നും മരണത്തിൽനിന്നും ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ സംരക്ഷണം നൽകുന്നതായാണ് അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടത്തിയ പരീക്ഷണം വ്യക്തമാക്കുന്നത്. ഒറ്റ ഡോസ് വാക്സിൻ മരണത്തിൽനിന്ന് 91 മുതൽ 96.2 ശതമാനം വരെ സംരക്ഷണം നൽകുന്നു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക്, അമേരിക്കയിൽ വികസിപ്പിച്ച മൊഡേണ എന്നിവയാണ് ഇതിനു മുൻപ് ഇന്ത്യയിൽ അനുമതി ലഭിച്ച മറ്റു വാക്സിനുകൾ.
കോവിഷീൽഡും കോവാക്സിനുമാണ് രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്നത്. സ്പുട്നിക് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഘട്ടത്തിലാണ്. മൊഡേണ വാക്സിൻ അടുത്ത വർഷത്തോടെ മാത്രമേ ഇന്ത്യയിൽ ലഭ്യമാകുകയുളളൂ.
Also Read: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി