കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 38 എം എല്‍ എമാര്‍ തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി ബി ജെ പി നേതാവ് നടന് മിഥുന് ചക്രവര്‍ത്തി. ഇവരില്‍ 21 പേര് താനുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി.
കൊല്‍ക്കത്തയിലെ ബി ജെ പി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണു തൃണമൂല്‍ എം എല്‍ എമാരെക്കുറിച്ച് മിഥുന് ചക്രവര്‍ത്തി അവകാശവാദം ഉന്നയിച്ചത്. ബി ജെ പിയിലെ ഒരു വിഭാഗം എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം പറഞ്ഞു.
”ഞാന്‍ നിങ്ങള്‍ക്കു ബ്രേക്കിങ് ന്യൂസ് നല്‍കട്ടേ. അതിന് ഒരുങ്ങൂ. ടി എം സിയുടെ 38 എം എല്‍ എമാര്‍ ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവരില്‍ 21 പേര് ഞാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാന്‍ ഇത് നിങ്ങളുടെ പരിഗണനയ്ക്ക് വിടുന്നു,” മിഥുന് ചക്രവര്‍ത്തി പറഞ്ഞു.
പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്ത കാര്യം മിഥുന് ചക്രവര്‍ത്തി പരാമര്‍ശിച്ചു. ”തനിക്കെതിരെ തെളിവില്ലെങ്കില്‍ ആ വ്യക്തിക്കു സമാധാനമായി ഉറങ്ങാം. എന്നാല്‍ തെളിവുണ്ടെങ്കില്‍ ആ വ്യക്തിയെ വെറുതെ വിടാനാകില്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയും പോലും നിയമത്തിന് അതീതരല്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം, മിഥുന് ചക്രവര്‍ത്തിയുടെ അവകാശവാദങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ശന്തനു സെന്‍ നിഷേധിച്ചു.
”അദ്ദേഹത്തെ കുറച്ചുകാലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരുപക്ഷേ അത് അദ്ദേഹത്തെ മാനസികമായി ബാധിച്ചിരിക്കാം. തങ്ങള്‍ക്ക് എത്ര എം എല്‍ എമാരുണ്ടെന്നു പാര്‍ട്ടിക്കു തന്നെ അറിയാത്തതിനാല്‍ ശരിയായ മനസുള്ള ആരും അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കില്ല,” സെന്‍ പറഞ്ഞു.
”നിരവധി പേര് ടി എം സിയിലേക്കു കൂറുമാറി. വാതിലുകള്‍ തുറന്നിരിക്കുകയാണെങ്കില്‍ കൂടുതല്‍ ബി ജെ പി നിയമസഭാംഗങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരും. യാഥാര്‍ത്ഥ്യത്തില്‍നിന്ന് വളരെ അകലെയായതിനാല്‍ അത്തരം അവകാശവാദങ്ങള്‍ക്കു പ്രാധാന്യം നല്കാന് ആഗ്രഹിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.