ന്യൂഡൽഹി: വാണിജ്യ നേട്ടങ്ങൾക്കായി ദേശീയ ചിഹ്നങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനുളള പിഴ വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ശുപാർശ. പിഴത്തുക 500 രൂപയിൽനിന്ന് ഒരു ലക്ഷമായി കൂട്ടണമെന്നും തുടർച്ചയായി നിയമ ലംഘനം നടത്തുന്നവരിൽനിന്നും അഞ്ചുലക്ഷം രൂപ പിഴ ഈടാക്കണമെന്നും ജയിൽ ശിക്ഷവരെ ലഭിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
നിയമഭേദഗതി സംബന്ധിച്ചുളള ശുപാർശകൾ ഉപഭോക്തൃകാര്യ വകുപ്പ് അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബർ 20വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്.
ചിഹ്നങ്ങളും പേരുകളും ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുളള 1950 ലെ നിയമം അനുസരിച്ച് ദേശീയ പതാക, സർക്കാർ വകുപ്പ് ഉപയോഗിക്കുന്ന ചിഹ്നങ്ങൾ, പ്രസിഡന്റിന്റെയോ ഗവർണറുടെയോ ഔദ്യോഗിക മുദ്ര, മഹാത്മ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ, അശോകചക്രം എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഇന്ത്യൻ പൗരന്മാർക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും ഈ നിയമം ബാധകമാണ്.
നിലവിലെ നിയമം ഫലപ്രദമല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിയമ ലംഘനം നടത്തിയ 1767 പേർക്കെതിരെ നിയമനടപടികൾ തുടങ്ങിയെങ്കിലും വിചാരണ ഇപ്പോഴും തുടരുകയാണെന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.