ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് 17 വയസുകാരെനെ കാണാതെ പോയ സംഭവത്തില്‍ ഇന്ത്യന്‍ ആര്‍മി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി (പിഎല്‍എ) ബന്ധപ്പെട്ടു വരികെയാണെന്ന് വിവരം. ജനുവരി 18-ാം തീയതി മുതലാണ് മിറാം താരോണ്‍ എന്ന കുട്ടിയെ കാണാതായത്. കിഴക്കന്‍ അരുണാചലിലെ എംപിയായ തപീര്‍ ഗാവോയാണ് മിറാമിനെ പിഎല്‍എ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെട്ടത്.
കുട്ടിയെ കാണാതായ വിവരം ലഭിച്ചപ്പോള്‍ ഉടന്‍ തന്നെ പിഎല്‍എയുമായി സൈന്യം ബന്ധപ്പെട്ടതായാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ആയുര്‍വേദ മരുന്നുകള്‍ ശേഖരിക്കുന്നതിനായി പുറപ്പെട്ട ഒരാള്‍ വഴിതെറ്റിയെന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണ് പിഎല്‍എയ്ക്ക് നല്‍കിയിരിക്കുന്ന വിവരം. താരോണിനെ കണ്ടെത്താനും പ്രോട്ടോക്കോള്‍ പ്രകാരം മടക്കിയയക്കാനും സൈന്യം പിഎല്‍എയുടെ സഹായം തേടിയിട്ടുണ്ട്.
കുട്ടിയെ കാണാതായി എന്നാണ് പ്രതിരോധ വിഭാഗത്തിലെ വൃത്തങ്ങള്‍ പറയുന്നതെങ്കിലും തപീര്‍ ഗാവോ ഇത് ഒരു തട്ടിക്കൊണ്ട് പോകലാണെന്നാണ് അവകാശപ്പെടുന്നത്. കുട്ടിയുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെടുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. കുട്ടിയെ കാണാതായതും ഒരാള്‍ തിരിച്ചെത്തിയത് സംബന്ധിച്ചും ഗാവോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കിഴക്കൻ ലഡാക്കിൽ 21 മാസത്തിലേറെയായി തുടരുന്ന ഇന്ത്യ-ചൈന സംഘർഷം പരിഹരിക്കാത്ത സാഹചര്യത്തിലാണ് സുരക്ഷാ ആശങ്കകൾ ഉയർത്തിക്കൊണ്ട് പുതിയ സംഭവം നടന്നത്. ഡിസംബർ അവസാനവാരം ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയം സാങ്നാനിലെ (അരുണാചൽ പ്രദേശിന്റെ ചൈനീസ് നാമം – ദക്ഷിണ ടിബറ്റ് എന്ന് അറിയപ്പെടുന്നു) 15 സ്ഥലങ്ങളുടെ പേരുകൾക്ക് ചൈനീസ്, ടിബറ്റൻ, റോമൻ അക്ഷരങ്ങള്‍ നല്‍കിയിരുന്നു.
അതേസമയം, കുട്ടിയെ കാണാതായ സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അദ്ദേഹം ഇത് കാര്യമാക്കുന്നില്ല എന്നതിന്റെ സൂചനയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. “റിപ്പബ്ലിക് ദിനത്തിന് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഇന്ത്യയിലെ യുവാക്കളെ ചൈന തട്ടിക്കൊണ്ടുപോയി. ഞങ്ങൾ മിറാം തരോണിന്റെ കുടുംബത്തിനൊപ്പമാണ്. പ്രതീക്ഷ കൈവിടില്ല,” രാഹുല്‍ ട്വീറ്റ് ചെയ്തു.
Also Read: രാജ്യത്ത് മൂന്നാം തരംഗം തീവ്രമാകുന്നു; 3.17 ലക്ഷം പുതിയ രോഗികള്‍; 491 മരണം