മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയുടെ 52 എം‌എൽ‌എമാർ തങ്ങളുടെ അടുത്തേക്ക് തിരിച്ചെത്തിയെന്നും, ഒരാൾ കൂടി തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എൻ‌സി‌പി വക്താവ് നവാബ് മാലിക്. അജിത് പവാറിനൊപ്പം നിലവിൽ ഒരു എംഎൽഎ മാത്രമേയുള്ളൂ.

എന്‍സിപിയുടെ നാല് എംഎല്‍എമാരില്‍ അനില്‍ പാട്ടി, ദൗലത് ദരോദ എന്നീ രണ്ടു പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് തിരിച്ചെത്തി. രണ്ട് എം‌എൽ‌എമാരും ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ബാക്കിയുള്ള രണ്ടിൽ നിതിൻ പവാർ ഇന്നലെ മുംബൈയിലെത്തിയിരുന്നു. മറ്റൊരു എം‌എൽ‌എ നർഹാരി സിർവാൾ ഡൽഹിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

താൻ എൻസിപിയിൽ തന്നെയാണെന്നും ശരദ് പവാറാണ് തന്റെ നേതാവെന്നും ബിജെപി-എൻസിപി സഖ്യം മാഹാരാഷ്ട്രയിൽ സ്ഥിരരതയുള്ള സർക്കാരുണ്ടാക്കുമെന്നും കഴിഞ്ഞ ദിവസം അജിത് പവാർ പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ പവാറിന്റെ പ്രസ്താവനയെ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി. അജിത് കുമാറിന്റെ പ്രസ്താവന ആശയകുഴപ്പം സൃഷ്ടിക്കാനാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അജിത് ശ്രമിക്കുന്നതെന്നും ശരദ് പവാർ ട്വിറ്ററിൽ കുറിച്ചു.

“ബിജെപിയുമായി സഖ്യമുണ്ടാക്കുന്ന ചോദ്യമേ ഉദിക്കുന്നില്ല. സർക്കാരുണ്ടാക്കാൻ ശിവസേനയ്ക്കും കോൺഗ്രസിനുമൊപ്പം നിൽക്കാൻ ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. അജിത് പവാറിന്റെ പ്രസ്താവന തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കാനാണിത്,” എന്ന് ശരദ് പവാർ പ്രതികരിച്ചു.

Read More: മഹാരാഷ്ട്ര ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; ആകാംക്ഷയോടെ രാജ്യം

അതേസമയം സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണ്ണർ നൽകിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്നാവിസ് നൽകിയ കത്തും ഇന്ന് കോടതി പരിശോധിക്കും. ഇവ തിങ്കളാഴ്ച രാവിലെ ഹാജരാക്കാന്‍ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട്‌ കോടതി നിർദേശിച്ചു.

രേഖകൾ പരിശോധിച്ചതിനു ശേഷമേ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ ഹർജിയിലെ ആവശ്യത്തിൽ കോടതി തീരുമാനമെടുക്കൂ. ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന ബിജെപി ആവശ്യം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook