/indian-express-malayalam/media/media_files/uploads/2023/06/army-manipur.jpg)
ഫോട്ടോ-എഎന്‍ഐ
ഇംഫാൽ: മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ രണ്ട് മെയ്തി വിദ്യാർത്ഥികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്ഥിരീകരിച്ചത്. അക്രമികൾക്കെതിരെ ഉടനടി കടുത്ത നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ പ്രതികരിച്ചു. കോച്ചിങ്ങ് ക്ലാസിലേക്ക് പോയ കൌമാരക്കാരായ യുവതീ യുവാക്കളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഫിജാം ഹേംജിത് (20), ഹിജാം ലിന്തോയിങാംബി (17) എന്നിവരുടെ മൃതദേഹങ്ങളുടെ ചിത്രമാണ് അധികൃതർക്ക് ലഭിച്ചത്. ഫിജാം എന്ന യുവാവിന്റെ തല വെട്ടിമാറ്റിയ നിലയിലായിരുന്നു. ജൂലൈ 6നാണ് ഇംഫാലിലെ ടെറ ടോങ്ബ്രാം ലെയ്ക്കായ് സ്വദേശികളായ വിദ്യാർത്ഥികളെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. കെയ്‌ഷാംപട്ട് മുട്ടും ലെയ്‌കൈ പ്രദേശത്തെ കോച്ചിങ്ങ് ക്ലാസിൽ നിന്ന് ഹിജാമിനെ കൂട്ടാനായാണ് ഹേംജിത് ബൈക്കിൽ പോയത്. പിന്നീട് ഇരുവരെയും കാണാതായിരുന്നു.
ഹിജാമിന്റെ ഫോണിലെ അവസാനത്തെ ലൊക്കേഷൻ ചുരാചന്ദ്പൂർ ജില്ലയിലെ ലാംദാൻ ആയിരുന്നു. തോക്കുധാരികളായ രണ്ട് പേർക്ക് സമീപം ഇരിക്കുന്ന വിദ്യാർത്ഥികളുടെ ചിത്രവും അക്രമികൾ പുറത്തുവിട്ടിരുന്നു. ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ കേസ് സിബിഐക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
"സംസ്ഥാന പൊലിസ്, കേന്ദ്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് രണ്ട് വിദ്യാർത്ഥികളുടെ തിരോധാനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്തുന്നതിനും, അവരെ കൊലപ്പെടുത്തിയ കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി കേസ് സജീവമായി അന്വേഷിക്കുകയാണ്. അക്രമികളെ പിടികൂടാൻ സുരക്ഷാ സേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ നടപടി സ്വീകരിക്കും. നീതി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ഹീനമായ കുറ്റകൃത്യത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന ഏതൊരു കുറ്റവാളിക്കും കടുത്ത ശിക്ഷ നൽകുകയും ചെയ്യും. സംയമനം പാലിക്കാനും അന്വേഷണം കൈകാര്യം ചെയ്യാൻ അധികാരികളെ അനുവദിക്കാനും സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്,” മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിറക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.