ന്യൂഡൽഹി: ബൈശാഖി ആഘോഷത്തിനിടെ പാക്കിസ്ഥാനിൽ കാണാതായ ഇന്ത്യക്കാരനെ പാക്കിസ്ഥാനിൽ കണ്ടെത്തി. 24കാരനായ ഇദ്ദേഹത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഫെയ്‌സ്ബുക്ക് സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഉടനടി ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

ഏപ്രിൽ 12 ന് 1700 സിഖ് തീർത്ഥാടകർക്കൊപ്പമാണ് അമൃത്‌സർ സ്വദേശിയായ അമർജിത് സിങ് പാക്കിസ്ഥാനിൽ എത്തിയത്. വാഗ അതിർത്തി വഴി ഇദ്ദേഹത്തെ തിരിച്ചയക്കുമെന്ന് എക്സ്പ്രസ് ട്രിബ്യൂണാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആഘോഷത്തിന് ശേഷം തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് അമർജിത്തിനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.

പഞ്ചാബ് പ്രവിശ്യയിൽ ഷെയ്ഖ്‌പുരയിൽ ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്ത് ആമിർ റസാഖിന്റെ വീട്ടിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മടങ്ങിവരുന്നതിന് മുൻപ് സുഹൃത്തിനെ കാണാനായാണ് 30 കിലോമീറ്റർ ദൂരെയുളള ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയതെന്നാണ് അമർജിത് വ്യക്തമാക്കിയിരിക്കുന്നത്. അമർജിത്തും ആമിറും ഒരുമിച്ച് ബൈശാഖി മഹോത്സവ സംഘാടകരെ സമീപിച്ചതോടെയാണ് ഇത് വ്യക്തമായത്. അമർജിതിനെ കാണാതായിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ വാഗ അതിർത്തി വഴി ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു.

ഏപ്രിൽ 16 നാണ് അമർജിത് തീർത്ഥാടക സംഘത്തിൽ നിന്നും സുഹൃത്തിനെ കാണാനായി പോയത്. എന്നാൽ തീർത്ഥാടക സംഘം ഇക്കാര്യം ഏപ്രിൽ 21 ന് മാത്രമാണ് മനസിലാക്കിയത്. നേരത്തേ ഇതേ സംഘത്തിനൊപ്പം വന്ന കിരൺ ബാല, തന്റെ ഭർത്താവും പാക് സ്വദേശിയുമായ മുഹമ്മദ് ആസാമിനൊപ്പം ജീവിക്കുന്നതിനായി പാക് പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. ഏപ്രിൽ 12നാണ് ബൈശാഖി മഹോത്സവത്തിൽ പങ്കെടുക്കാൻ ഇവർ പാക്കിസ്ഥാനിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ