ന്യൂഡല്‍ഹി: ബിജെപി എംപി ഗൗതം ഗംഭീറിനെ കാണ്മാനില്ല, ഞെട്ടാന്‍ വരല്ലേ, പറയുന്നത് ഡല്‍ഹിയിലെ ചില വോട്ടര്‍മാരാണ്. ഈസ്റ്റ് ഡല്‍ഹിയിലെ എംപിയായ ഗംഭീറിനെ കാണ്മാനില്ല എന്നെഴുതിയ ബോര്‍ഡുകള്‍ നഗരത്തിന്റെ ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഡല്‍ഹിയുടെ വായു മലിനീകരണത്തെ കുറിച്ചുള്ള പാര്‍ലമെന്ററി കമ്മിറ്റിയില്‍ പങ്കെടുക്കാതെ മുങ്ങിയതാണ് പ്രതിഷേധത്തിന് കാരണം. സംഭവത്തില്‍ താരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
”ഇദ്ദേഹത്തെ നിങ്ങള്‍ കണ്ടിരുന്നോ? അവസാനമായി കണ്ടത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജിലേബി തിന്നുന്നതാണ്. ഡല്‍ഹി മൊത്തം ഇദ്ദേഹത്തിനായി തിരയുകയാണ്” എന്നാണ് പോസ്റ്ററിലെഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എഎപി ഗംഭീറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കമന്ററി ടീമിന്റെ ഭാഗമാണ് ഗംഭീറിപ്പോള്‍.
”നമ്മുടെ ആദരണീയനായ എംപി പറയുന്നത് മീറ്റിങ്ങില്‍ പങ്കെടുക്കാതിരുന്നത് ജീവനോപാധി കണ്ടെത്താനാണ്. തന്റെ ശമ്പളം മണ്ഡലത്തിന് വേണ്ടി മാറ്റി വയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.പ്രതിരോധിക്കാന്‍ കഴിയാത്തതിനെ പ്രതിരോധിക്കാന്‍ ജിലേബി പോലെ കറങ്ങുകയണ്” എഎപി നേതാവായ അതിഷി മര്‍ലേന പറഞ്ഞു. ഗംഭീറിന്റെ പ്രതികരണത്തെ കുറിച്ചായിരുന്നു അതിഷിയുടെ വിമര്‍ശനം.
”എന്നെ അസഭ്യം പറയുന്നത് കൊണ്ട് ഡല്‍ഹിയുടെ പ്രശ്നം പരിഹരിക്കപ്പെടുമെങ്കില്‍ ആയിക്കോളൂ.ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് പണമുണ്ടാക്കനല്ല. എനിക്കൊരു കുടുംബം നോക്കണം. അധ്വാനിച്ചുണ്ടാക്കുന്ന കാശിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ ജനങ്ങളുടെ പണം കൊണ്ട് എന്റെ കാര്യങ്ങള്‍ നടത്തുന്നതിലല്ല” എന്നായിരുന്നു ഗംഭീര്‍ വിമര്‍ശനങ്ങള്‍ക്ക് നല്കിയ മറുപടി.