ന്യൂഡല്‍ഹി:’പുലിവാല് പിടിക്കാൻ’ എളുപ്പമാണ് എന്നാൽ, ഒരു ആനവാല് പിടിക്കാൻ അത്ര എളുപ്പമല്ലെന്നാണ് ഡൽഹി പൊലീസിന്റെ അനുഭവം. പാപ്പാൻ ഒളിപ്പിച്ച ലക്ഷ്മി എന്ന ആനയെ കണ്ടെത്താൻ പൊലീസിനു വേണ്ടിവന്നത് രണ്ട് മാസം.
ജൂലായ് ആറിനാണ് 35 കാരിയായ ലക്ഷ്മിയെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഡല്‍ഹിയിലെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ യമുന തീരത്തുനിന്ന് ലക്ഷ്മിയെ പിടിച്ചെടുക്കാന്‍ പോയപ്പോള്‍ പാപ്പാന് ആനയെയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ കിഴക്കേ ഡല്‍ഹിയില്‍ അക്ഷര്ധാമിനടത്തുള്ള യമുന ഖാദറില്‍ നിന്നാണ് പൊലീസ് ആനയെ കണ്ടെത്തിയത്.
ഹരിയാനയിലെ ബാന്‍ സാന്റൂർ ആന പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതുവരെ ലക്ഷ്മിയെ കിഴക്കേ ഡല്‍ഹിയിലെ ഷക്കര്‍പൂര്‍ പൊലീസ് സ്റ്റേഷൻ പരിസരത്ത് തത്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷമായിരിക്കും പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുക.
Read Also: മദം പൊട്ടി ചിരിച്ച് മനുഷ്യന്; ആനയെ വെട്ടിനുറുക്കി കൊമ്പ് അപഹരിച്ചു; കരയിച്ച് ഒരു ചിത്രം
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലക്ഷ്മിയെ കൈമാറിയതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത പാപ്പാന് സദ്ദാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
35 Years old Elephant Laxmi who rescued by Police as she was missing from Capital since two months, at Shakarpur Police Station. EXPRESS VIDEO BY PRAVEEN KHANNA pic.twitter.com/7YSTynPM27
— IE Malayalam (@IeMalayalam) September 18, 2019
ഹരിയാനയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് ലക്ഷ്മിയെ മാറ്റുന്നത് എപ്പോഴാണെന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധന നടത്തിയ ശേഷമായിരിക്കും കൈമാറുക. ആനയെ ആരോഗ്യമുള്ളതായി കണ്ടെത്തിയാല്‍ ഉടന്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ നടപടി ആരംഭിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.