ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തിയതായി സൂചന. ഇത് സംബന്ധിച്ച് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഇന്ത്യൻ സൈന്യത്തെ വിവരമറിയിച്ചു. എന്നാല്‍ കാണാതായ മിറാം താരോണ്‍ തന്നെയാണൊ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 18 ന് അതിര്‍ത്തിയില്‍ നിന്ന് 17 വയസുകാരനെ പിഎൽഎ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് ബിജെപി എംപി തപിർ ഗാവോ ആരോപിച്ചിരുന്നു.
കാണാതായ യുവാവ് തന്നെയാണൊ എന്ന് ഫോട്ടോകൾ ഉപയോഗിച്ച് പിഎൽഎ സ്ഥിരീകരിക്കുമെന്നും തുടർന്ന് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും അതിനായി ഏകദേശം ഒരാഴ്ചയെടുക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. മിറാം താരോണിനെ കാണാതായ സംഭവത്തില്‍ പിഎല്‍എയുമായി ഇന്ത്യന്‍ സൈന്യം ബന്ധപ്പെട്ടിരുന്നു.
ആയുര്‍വേദ മരുന്നുകള്‍ ശേഖരിക്കുന്നതിനായി പുറപ്പെട്ട ഒരാള്‍ വഴിതെറ്റിയെന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നുമാണ് പിഎല്‍എയ്ക്ക് നല്‍കിയിരിക്കുന്ന വിവരം. താരോണിനെ കണ്ടെത്താനും പ്രോട്ടോക്കോള്‍ പ്രകാരം മടക്കിയയക്കാനും സൈന്യം പിഎല്‍എയുടെ സഹായം തേടിയിരുന്നു. ജനുവരി 21 നാണ് ഒരാളെ കണ്ടെത്തിയ കാര്യം പിഎല്‍എ സ്ഥിരീകരിച്ചത്.
കുട്ടിയെ കാണാതായി എന്നാണ് പ്രതിരോധ വിഭാഗത്തിലെ വൃത്തങ്ങള്‍ പറഞ്ഞതെങ്കിലും തപീര്‍ ഗാവോ ഇത് ഒരു തട്ടിക്കൊണ്ട് പോകലാണെന്നാണ് അവകാശപ്പെട്ടത്. കുട്ടിയുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെടുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. കുട്ടിയെ കാണാതായതും ഒരാള്‍ തിരിച്ചെത്തിയത് സംബന്ധിച്ചും ഗാവോ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, കുട്ടിയെ കാണാതായ സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അദ്ദേഹം ഇത് കാര്യമാക്കുന്നില്ല എന്നതിന്റെ സൂചനയാണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. “റിപ്പബ്ലിക് ദിനത്തിന് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഇന്ത്യയിലെ യുവാക്കളെ ചൈന തട്ടിക്കൊണ്ടുപോയി. ഞങ്ങൾ മിറാം തരോണിന്റെ കുടുംബത്തിനൊപ്പമാണ്. പ്രതീക്ഷ കൈവിടില്ല,” രാഹുല്‍ ട്വീറ്റ് ചെയ്തു.
Also Read: രോഗവ്യാപനത്തില്‍ വര്‍ധന; രാജ്യത്ത് 3.33 ലക്ഷം കോവിഡ് കേസുകള്‍