ന്യുഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ‘ചില്ലറ’ പരാമർശത്തിൽ പ്രതികരണവുമായി ലോകസുന്ദരി മാനുഷി ചില്ലര്‍. ലോകം ജയിച്ച ഒരു പെണ്‍കുട്ടി പൊള്ളയായ ചെറിയ പരാമര്‍ശത്തിന്റെ പേരില്‍ വിഷമിക്കാന്‍ പോകുന്നില്ലെന്ന് മാനുഷി ട്വീറ്റ് ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ എം.ഡി വിനീത് ജെയ്‌ന്റെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് മാനുഷിയുടെ പ്രതികരണം.

ശശി തരൂറിന്റെ ട്വീറ്റ് കണ്ടുവെന്നും അതില്‍ പ്രകോപനപരമായി ഒന്നുമില്ലെന്നും ജെയ്ന്‍ ട്വീറ്റ് ചെയ്തിരുന്നു. നിര്‍ദോഷമായ തമാശകളോട് കുറച്ചു കൂടി സഹിഷ്ണുത പ്രകടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് മാനുഷിയുടെ പ്രതികരണം.

കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ ലോക സുന്ദരി മാനുഷി ചില്ലറി​​​​​ന്‍റെ പേരുപയോഗിച്ചതിൽ തരൂരിനെതിരെ ട്വിറ്ററിൽ രൂക്ഷ വിമർശനമായിരുന്നു. ഹരിയാനയിലെ മുതിർന്ന മന്ത്രിമാരടക്കം വിവിധ രാഷ്​ട്രീയ കക്ഷികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ലോക കിരീടം നേടിയ പെൺകുട്ടിയെന്ന നിലയിൽ ഇത്തരം കളിയാക്കലുകൾ തന്നെ ബാധിക്കില്ലെന്നാണ് ചില്ലർ ട്വിറ്ററിൽ കുറിച്ചത്. ചില്ലാറിൽ നിന്നും വളരെ ചെറിയൊരു മാറ്റമെ ഉണ്ടായുള്ളു എന്നും അത് നമ്മുക്ക് മറക്കാമെന്നും ചില്ലർ ട്വീറ്റ് ചെയ്തു.

താൻ പറഞ്ഞത് യഥാർഥ സ്പിരിറ്റിൽ തന്നെ എടുത്തതിന് നന്ദി പറഞ്ഞ് തരൂരും ട്വീറ്റ് ചെയ്തു. മാനുഷിക്കോ കുടുംബത്തിനോ തന്റെ പരാമർശത്തിൽ എന്തെങ്കിലും വിഷമമുണ്ടായെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.

ഇന്ത്യയില്‍ നോട്ട് നിരോധനം നടത്തിയത് എന്ത് അബദ്ധമായിപ്പോയി. ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസ്സിലാക്കണമായിരുന്നു. നോക്കൂ നമ്മുടെ ‘ചില്ലര്‍’ (ചില്ലറ) പോലും ലോക സുന്ദരിയായിരിക്കുന്നു’ എന്നായിരുന്നു തരൂരിന്റെ വിവാദമായ ട്വീറ്റ്. ട്വീറ്റിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ തരൂരിന് നോട്ടീസ് അയച്ചിരുന്നു. തരൂര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ