ന്യൂഡൽഹി: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാൻ പതിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട കാരണമില്ലെന്ന് രാജ്യാന്തര ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎ. ഈ സംഭവം ഒരു തരത്തിലും ഇന്ത്യയിലെ ആണവായുധങ്ങളുടെയോ വസ്തുക്കളുടെയോ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടില്ലെന്നും ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സംഭവം അപകടസാധ്യതയായി കണ്ടിട്ടില്ല. ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഭവത്തെക്കുറിച്ച് ഐഎഇഎ ഇന്ത്യൻ സർക്കാരിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മാർച്ച് ഒൻപതിനാണ് ബ്രഹ്മോസ് മിസൈൽ അബദ്ധത്തിൽ പാക്കിസ്ഥാനിൽ പതിച്ചത്. മിസൈൽ ആയുധങ്ങളൊന്നും വഹിച്ചിരുന്നില്ല. അതിനാൽ തന്നെ ആളപായമൊന്നുമില്ലായിരുന്നു. സംഭവത്തിൽ മൂന്നു വ്യോമസേനാ ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രാലയം പിരിച്ചുവിട്ടിരുന്നു.
ഇന്ത്യയിൽ ആണവോർജത്തിന്, പ്രത്യേകിച്ച് പുതിയ സാങ്കേതിക വിദ്യകൾക്ക് ശോഭനമായ ഭാവിയാണ് താൻ കാണുന്നതെന്നും ആണവോർജ ഉൽപാദനത്തിൽ കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ 22 പ്രവർത്തനക്ഷമമായ ആണവ നിലയങ്ങൾക്ക് 6,780 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്. അടുത്ത 5-10 വർഷത്തിനുള്ളിൽ പത്ത് ആണവ നിലയങ്ങൾ കൂടി സ്ഥാപിക്കാൻ ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്. അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.