ഷിറിൻ നസീർ ഖാൻ ഒരു പക്ഷെ അധികം പഴയതല്ലാത്ത ഒരു തമാശ ഓർത്തു ഇപ്പോൾ ചിരിക്കുന്നുണ്ടാകാം. ഡിസംബറിൽ ഇന്ത്യയിൽ സഹോദരന്റെ കല്യാണത്തിന് വന്നപ്പോൾ ബന്ധുക്കൾ പറഞ്ഞ തമാശ കാര്യമായല്ലോ എന്നോർത്ത്… കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന ഒരമ്മയും അത് സംഭവിക്കാൻ ആഗ്രഹിക്കില്ല. പറഞ്ഞവരും അങ്ങിനെതന്നെ… തിരിച്ചു ഷാർജയിലേക്ക് പോകുമ്പോൾ വിമാനത്തിൽ പ്രസവിക്കും എന്നാണു അവർ പറഞ്ഞത്. അപ്പോൾ ജീവിത കാലം മുഴുവൻ സൗജന്യമായി വിമാന യാത്ര ചെയ്യാമല്ലോ എന്നും അവർ കളിയാക്കി.. കാരണം ഷിറിൻ നിറവയറുമായിട്ടായിരുന്നു ഇന്ത്യയിൽ എത്തിയത്.

വിമാനത്തിൽ പ്രസവിച്ചില്ലെങ്കിലും വിധി മറ്റൊന്നായിരുന്നു. കുഞ്ഞു ജന്മമെടുക്കുക ഓടുന്ന ഒരു വാഹനത്തിലായിരിക്കും എന്ന്. ഷിറിൻ ഖാൻ പ്രസവിച്ചു.. ഓടുന്ന കാറിൽ ആശുപത്രിയിൽ എത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപ്. ജനുവരി 2 നു ശസ്ത്രക്രിയ നിശ്ചയിച്ചതായിരുന്നു. പക്ഷെ അതിനു മുൻപേ പ്രസവ വേദന വന്നതിനാൽ അടിയന്തരമായി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഷിറിൻ കാറിൽ പ്രസവിക്കുകയായിരുന്നു.

മകളെ ഭദ്രമായി തന്റെ വസ്ത്രത്തിനുള്ളിൽ തന്നെ പൊതിഞ്ഞു സൂക്ഷിച്ചാണ് ഷിറിൻ ആശുപത്രിയിലെ കാർപാർക്കിലെത്തിയത്. ഷിറിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ബന്ധുക്കളും പകച്ചു നിന്നു. വിവരമറിഞ്ഞു ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിൽ നിന്നും ഓടിയെത്തിയ നേഴ്സ് പൊക്കിൾ കൊടി ബന്ധം കാർപോർച്ചിൽ വച്ച് തന്നെ വിച്ഛേദിച്ചു.

Read More : ഇരട്ടകൾ ജനിച്ചത് വ്യത്യസ്ത വർഷങ്ങളിൽ …പുതുവത്സരത്തിന്റെ അപൂർവത

“പൊക്കിൾ കൊടി മുറിക്കാനും കുഞ്ഞിനെ പുറത്തെടുക്കാനും നഴ്സ് തന്റെ വസ്ത്രം നെടുകെ കീറി” ഷിറിൻ ആശുപത്രിയിൽ നിന്നും ഗൾഫ് ന്യൂസിനോട് ടെലിഫോണിലൂടെ പറഞ്ഞു. കുഞ്ഞിനെ രക്ഷിച്ചതിനു ഷിറിൻ ദൈവത്തോട് നന്ദി പറയുകയാണ്. ഒപ്പം ആശുപത്രി അധികൃതർക്കും. ആശുപത്രി അധികൃതർ കൃത്യമായി തന്നെ പരിചരിച്ചു എന്നും ഷിറിൻ പറഞ്ഞു.

“മാഷാ അള്ളാ.. അവൾ സുന്ദരിയാണ്.. അവൾക്കു ലോകം കാണാൻ തിടുക്കമായി കാണണം. അതുകൊണ്ടാണ് അവൾ ഒന്നിനും കാത്തുനിൽക്കാതിരുന്നത്” ഷിറിൻ പറഞ്ഞു. ഡിസംബർ 30 ന് രാവിലെ ചെറുതായി വേദന അനുഭവപ്പെട്ടിരുന്നതായി ഷിറിൻ പറഞ്ഞു. വേദന വരുന്നെങ്കിൽ ഉടനെ ഹോസ്പിറ്റലിലെത്താൻ ഡോക്ടർ പറഞ്ഞിരുന്നു. തുടർന്ന് പ്രാതൽ കഴിച്ചതിന് ശേഷം ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.

“മുൻപിലത്തെ സീറ്റിൽ ചാരി കിടക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് കുട്ടി പുറത്തേക്ക് തള്ളുന്നതായി തോന്നി. ഞാൻ വേദന കൊണ്ട് നിലവിളിച്ചു. ആശുപത്രിയിൽ എത്താൻ നിമിഷങ്ങളേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ സിഗ്നൽ മാറുകയും വണ്ടി നിർത്തേണ്ടതായി വരികയും ചെയ്തു. ഭർത്താവ് വാഹനത്തിനു വഴി തരാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷെ ആർക്കും ഒന്നും മനസ്സിലായില്ല. പതിന്നാലുകാരനായ മകനും വണ്ടിയിൽ നിന്നിറങ്ങി ആളുകളോട് വഴി മാറാൻ അഭ്യർത്ഥിച്ചു. ഇതിനിടെ 15 കാരിയായ മകൾ ആശുപത്രിയിൽ വിളിച്ചു കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ടായിരുന്നു.

ഇതിനിടെയാണ് ഒരു കരച്ചിൽ കേട്ടത്‌. ഭർത്താവും ഞാനും വിചാരിച്ചു മൂന്നര വയസ്സായ മകൾ സഫയാണ് കരയുന്നതെന്ന്. ഞാൻ അവളെ തിരിഞ്ഞു നോക്കി. അവൾ സീറ്റിൽ യാതൊരു ഭാവ ഭേദവും കൂടാതെ ഇരിക്കുന്നു. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.. പുതിയ ആൾ കാറിൽ പിറന്നിരിക്കുന്നു.

ആശുപത്രിയിലെത്തുന്നതുവരെ വസ്ത്രത്തിന്റെ ഉള്ളിൽ കിടന്ന് അവൾ കരയുകയായിരുന്നു. ഷിഫ എന്നാണവൾക്കു പേരിട്ടിരിക്കുന്നത്. അവൾ ഇപ്പോൾ സുഖമായിരിക്കുന്നു” ഷിറിൻ ഖാൻ പറഞ്ഞവസാനിപ്പിച്ചു.

കാര്യമറിഞ്ഞപ്പോൾ ഷിറിനെക്കാളും ഞെട്ടിയത് ഡോക്ടർമാരാണ്. ഷിറിന്റെ മൂന്നാമത്തെ മകളുടെ ജനനവും സംഭവ ബഹുലമായിരുന്നു. 580 ഗ്രാം തൂക്കവുമായി മാസം തികയാതെയാണ് സഫയെ പ്രസവിച്ചത്. അതിനു ശേഷം 10 ശസ്ത്രക്രിയകൾ ആ കുഞ്ഞു ദേഹത്തിൽ നടത്തിയാണ് അവളെ രക്ഷിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook