ലഖ്‌നൗ: ഞെട്ടിപ്പിക്കുന്ന പീഡനവാർത്തയാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. ക്യാൻസർ രോഗിയായ പതിനഞ്ചുകാരിയാണ് അതിദാരുണമായി പീഡിപ്പിക്കപ്പെട്ടത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ പെൺകുട്ടിയെ ഒരു സംഘം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സഹായം അഭ്യർത്ഥിച്ച അയൽവാസിയായ യുവാവും പെൺകുട്ടിയെ പീഡിപ്പിച്ചു.

2015 ൽ മാത്രം സംസ്ഥാനത്ത് 594 സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗത്തിന് ഇരകളായി എന്ന 2016 ലെ കണക്ക് പുറത്തുവന്നതിന് പിന്നാലെയാണ് ഈ വാർത്തയും പുറത്തെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ. “കടയിൽ പച്ചക്കറി വാങ്ങാൻ പോയ പെൺകുട്ടി മടങ്ങിവരും വഴിയാണ് ഒരു സംഘം ആളുകൾ ചേർന്ന് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെൺകുട്ടിയെ സംഘം വഴിയരികിൽ ഉപേക്ഷിച്ച് പോയി. ഇവിടെ നിന്നും സഹായം അഭ്യർത്ഥിച്ച് എത്തിയ പെൺകുട്ടിയെ അയൽവാസിയും തന്റെ വീട്ടിൽ വച്ച് പീഡിപ്പിച്ചു.”

പെൺകുട്ടിയെ പീഡിപ്പിച്ച ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാൻ സാധിച്ചത്. മറ്റുള്ള പ്രതികൾ ഒളിവിൽ പോയി. ഇവരെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ തുടങ്ങിയതായി പൊലീസ് പറഞ്ഞു. ഹരിയാനയിൽ ആറ് വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത് വൻ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെയാണ് ഉത്തർപ്രദേശിൽ നിന്നും ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ