മുംബൈ: ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിക്ക് ചോക്ലേറ്റ് വേണോയെന്ന് ചോദിച്ച പട്ടികജാതിയില്‍ പെട്ട 13കാരനെ മര്‍ദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലാണ് കൗമാരക്കാരനെ ക്രൂരമായി കൈകാര്യം ചെയ്തത്. കൗമാരക്കാരിയുടെ ബന്ധുക്കളാണ് കുട്ടിയെ കൈയ്യേറ്റം ചെയ്തത്.
10 വയസുകാരിയായ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളെ കോലാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആണ്‍കുട്ടിയെ ആക്രമിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും അക്രമികളെ തിരിച്ചടിക്കാനായി സംഘം ചേര്‍ന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് ശനിയാഴ്ച ചര്‍ച്ച നടത്തി. പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും ബന്ധുക്കള്‍ക്ക് പരസ്പരം നന്നായി അറിയാമെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് കുട്ടി ചോക്ലേറ്റ് വേണോയെന്ന് പെണ്‍കുട്ടിയോട് ചോദിച്ചത്. പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞു. തുടര്‍ന്നാണ് വെളളിയാഴ്ച ഒരു സംഘം ബന്ധുക്കളെത്തി കൗമാരക്കാരനെ ആക്രമിച്ചത്.
വീട്ടിലെത്തി കുട്ടിയെ വിളിച്ചിറക്കി മര്‍ദ്ദിച്ചു. തുടര്‍ന്ന് നഗ്നനാക്കിയ ശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. പൊലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇനിയും ചിലരെ പിടികൂടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിനെതിരായ അക്രമം തടയല്‍ നിയമം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുളളത്.