ന്യൂഡൽഹി: ലൈസൻസ് റദ്ദാക്കിയ എൻജിഒകളുടെ പട്ടികയും എൻജിഒകളുടെ വാർഷിക വരുമാനം ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) ആക്ട് (എഫ്‌സിആർഎ) വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). നടപടിയിൽ എംഎച്ച്എ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ പൊതുജനങ്ങൾ ഈ ഡേറ്റ കാണേണ്ടതില്ല എന്നത് കണക്കിലെടുത്താണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എൻജിഒ ലൈസൻസുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ, വിദേശ സംഭാവകൾന സ്വീകരിക്കുന്നതിന് മുൻകൂർ അനുമതി നൽകിയതിന്റെ വിവരങ്ങൾ, ലൈസൻസ് റദ്ദാക്കിയ എൻജിഒകളുടെ പട്ടിക, ലൈസൻസ് പുതുക്കാത്ത എൻജിഒകൾ, എൻജിഒകളുടെ വാർഷിക വരുമാനം തുടങ്ങിയ വിവരങ്ങളാണ് നേരത്തെ എഫ്‌സിആർഎ വെബ്‌സൈറ്റിൽ നൽകിയിരുന്നത്. എന്നാൽ നിലവിൽ ഈ വെബ്‌സൈറ്റിൽ ഇവയുടെ മൊത്തത്തിലുള്ള വിവരങ്ങൾ മാത്രമാണുള്ളത്. ഓരോ എൻജിഒകളെയും തിരിച്ചറിയാൻ കഴിയുന്ന പട്ടിക ഇതിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്. കൂടാതെ എൻജിഒകളുടെ വാർഷിക വരുമാനം അറിയാനും വഴിയില്ല.
“ഉപയോഗമില്ലാത്തതെന്നും അനാവശ്യമെന്നും കരുതുന്ന വിവരങ്ങൾ നീക്കം ചെയ്തു. ലൈസൻസ് നഷ്‌ടപ്പെട്ട എൻജിഒകളുടെ എണ്ണവും വാർഷിക റിട്ടേൺ സമർപ്പിച്ച എൻജിഒകളുടെ എണ്ണവും മൊത്തത്തിലുള്ള ഡേറ്റ അതേപടി നിലനിർത്തിയിട്ടുണ്ട്, ”എംഎച്ച്‌എയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനുപുറമെ, എൻജിഒകൾക്ക് ലഭിച്ച വിദേശ സംഭാവനകളുടെ വിവരങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം മന്ത്രാലയം വിജ്ഞാപനം ചെയ്‌ത എഫ്‌സിആർഎ നിയമങ്ങളിലെ മാറ്റത്തിന് അനുസൃതമാണ് ഇതെന്ന് വൃത്തങ്ങൾ പറഞ്ഞു.
“എൻജിഒകൾക്ക് മേലുള്ള ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ” ഭാഗമായി ജൂലൈ ഒന്നിനാണ് എഫ്‌സിആർഎ നിയമങ്ങളിൽ മന്ത്രാലയം പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്. “വിദേശ സംഭാവനകൾ സ്വീകരിക്കുന്നത് സംബന്ധിച്ച റൂൾ 13-ലെ മാറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. റൂളിലെ ക്ലോസ് (ബി) സർക്കാർ ഇല്ലാതാക്കി. വിദേശ സംഭാവനയായി ലഭിക്കുന്ന പണം വിനിയോഗിക്കാനായി ആരംഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ 15 ദിവസത്തിനകം ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയെ അറിയിക്കണമെന്ന നിബന്ധനയാണ് മാറ്റിയത്.
ഇത് വിചിത്രമായ നടപടിയാണെന്ന് ചില എൻജിഒകൾ പറഞ്ഞിരുന്നു. എൻജിഒകളുടെ പ്രവർത്തനത്തെ ഇത് ബാധിക്കില്ലെങ്കിലും, എഫ്‌സിആർഎയുടെ സുതാര്യത കുറയ്ക്കുന്ന നടപടിയായി തോന്നുന്നതായി ഒരു എൻജിഒ മേധാവി പറഞ്ഞു. എഫ്‌സിആർഎയിലെ അഴിമതികൾ സിബിഐ അന്വേഷിക്കുന്ന സമയത്ത് കൂടുതൽ സുതാര്യത കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറയുന്നത്.
കഴിഞ്ഞ ഡിസംബർ 25 ന്, മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആർഎ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം നിരസിച്ചിരുന്നു.എന്നാൽ ഇതിന്റെ കാരണങ്ങൾ വ്യക്‌തമാക്കിയിരുന്നില്ല. ഈ എൻജിഒ മതപരിവർത്തനം നടത്തുന്നുവെന്ന് ചില ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു നടപടി. നടപടിയിൽ പ്രതിഷേധം ശക്തമായതോടെ സർക്കാർ ലൈസൻസ് നൽകി.
ജനുവരിയിൽ, ഓക്സ്ഫാം ഇന്ത്യയുടെ ലൈസൻസ് പുതുക്കാൻ വിസമ്മതിക്കുകയും അടുത്തിടെ കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.