ജയ്‌പൂർ: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘പദ്മാവതി’യുടെ കൂറ്റന്‍ സെറ്റിനു നേരെ ആക്രമണം നടന്നതിന് പിന്നാലെ വിവാദ പ്രസ്‌താവനയുമായി രാജസ്ഥാൻ മന്ത്രി രംഗത്ത്. ചിത്രം രാജസ്ഥാനിൽ റിലീസ് ചെയ്യുന്നതിന് മുൻപ് പദ്‌മാവതിക്കെതിര ശബ്‌ദമുയർത്തുന്ന ശ്രീ രാഷ്‌ട്രീയ രജ്പുത് കര്‍ണിസേന (എസ്ആർആർകെഎസ്) അംഗങ്ങളുടെ മുന്നിൽ സ്ക്രീനിങ്ങ് നടത്തണമെന്നാണ് മന്ത്രി അരുൺ ചതുർവേദിയുടെ നിർദേശം.

രാജസ്ഥാൻ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായ അരുൺ ചതുർവേദിയാണ് കർണിസേനയുടെയും സംഘത്തിലെ മറ്റ് പ്രമുഖരുടെയും മുൻപിൽ ചിത്രം പ്രദർശിപ്പിക്കാൻ നിർദേശിച്ചത്. ഇത് കൂടാതെ സ്ക്രീനിങ്ങിന് ശേഷം ഇവർക്ക് ഏതെങ്കിലും തരത്തിലുളള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അതും തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എസ്ആർആർകെഎസ്, രാഷ്‌ട്രീയ ബ്രാഹ്മിൻ മഹാസംഘ്, രാജസ്ഥാൻ വൈശ്യ മഹാസഭ എന്നിവയുടെ നേതാക്കന്മാരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രസ്‌താവന.

“പദ്‌മാവതി ചിത്രീകരിക്കാൻ രാജസ്ഥാനിൽ ഇനി അനുവദിക്കേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. സംഘടനകൾ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഗണിച്ച് തിരക്കഥയിൽ മാറ്റം വരുത്തിയാൽ മാത്രമേ സംസ്ഥാനത്ത് റിലീസ് അനുവദിക്കാനും സാധിക്കൂ,” ചതുർവേദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ബുധനാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമികള്‍ മഹാരാഷ്ര്ടയിലെ കോലാപൂരിലുളള ചിത്രത്തിന്റെ 50,000 ചതുരശ്ര അടി വിസ്തൃതിയുളള സെറ്റിന് നേരെ ആക്രമണം നടത്തിയത്. മുപ്പതോളം ആളുകളെത്തി സെറ്റും വസ്‌ത്രങ്ങളും ഉപകരണങ്ങളും കത്തിച്ച് ചാമ്പലാക്കുകയായിരുന്നു. സെറ്റില്‍ ഉണ്ടായിരുന്ന ഒരു കുതിരയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ സംവിധായകൻ ബന്‍സാലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ജയ്‌പൂരില്‍ ചിത്രീകരണ വേളയില്‍ ആക്രമം നടന്നതിന് പിന്നാലെയാണ് പുതിയ സംഭവവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ