scorecardresearch
Latest News

രാജിസന്നദ്ധതയുമായി ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയിലെ ‘മഹാനാടകം’ ക്ലൈമാക്‌സിലേക്കോ?

താന്‍ മുഖ്യമന്ത്രിയായി തുടരരുതെന്ന് ഏതെങ്കിലും ഒരു എം എല്‍ എ ആഗ്രഹിക്കുന്നുവെങ്കില്‍ ഔദ്യോഗിക വസതി ഒഴിയാൻ തയാറാണെന്ന് ഉദ്ധവ് താക്കറെ

രാജിസന്നദ്ധതയുമായി ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയിലെ ‘മഹാനാടകം’ ക്ലൈമാക്‌സിലേക്കോ?

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ചതോടെ, മഹാരാഷ്ട്രയില്‍ ശിവസേന വിമതര്‍ രാഷ്ട്രീയനാടകം ക്ലൈമാക്‌സിലേക്ക്. വിമത എംഎല്‍എമാര്‍ നേരിട്ടു വന്നു പറഞ്ഞാല്‍ രാജിവയ്ക്കാനും ഔദ്യോഗിക വസതി ഒഴിയാനും തയാറാണെന്നു സംസ്ഥാനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു. 34 ശിവസേന എംഎല്‍എമാര്‍ ഏകനാഥ് ഷിന്‍ഡെയെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം പാസാക്കിയ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം.

”അവര്‍ എന്റെ മുന്നില്‍ വന്ന് ആവശ്യപ്പെട്ടാല്‍ രാജിക്കത്ത് നല്‍കാം. ഞാന്‍ മുഖ്യമന്ത്രിയായി തുടരരുതെന്ന് ഏതെങ്കിലും ഒരു എം എല്‍ എ ആഗ്രഹിക്കുന്നുവെങ്കില്‍, വര്‍ഷ ബംഗ്ലാവില്‍ (മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി)നിന്ന് എന്റെ എല്ലാ സാധനങ്ങളുമെടുത്ത് മാതോശ്രീയിലേക്കു പോകാന്‍ തയാറാണ്,” ഉദ്ധവ് താക്കറെ പറഞ്ഞു.

കൂട്ടത്തില്‍നിന്നുള്ള അടിയാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയും കോണ്‍ഗ്രസും തന്നെ വേണ്ടെന്ന് പറയുന്നത് സ്വീകാര്യവും പ്രതീക്ഷിക്കുന്നതുമാണ്. പക്ഷേ, സ്വന്തം ആളുകള്‍ക്ക് ആവശ്യമില്ലെങ്കില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും ഉദ്ധവ് ചോദിച്ചു.

”എനിക്ക് ഭരണപരിചയം ഇല്ലായിരുന്നു.. പിതാവിനു നല്‍കിയ വാഗ്ദാനം നിറവേറ്റാനുള്ള ആഗ്രഹം കൊണ്ടാണ് ഞാന്‍ ഇത് ചെയ്തത്. 25 വര്‍ഷമായി എതിര്‍ത്ത കോണ്‍ഗ്രസുമായും എന്‍സിപിയുമായും ഞങ്ങള്‍ക്കു കൈകോര്‍ക്കേണ്ടിവന്നു,” ഉദ്ധവ് പറഞ്ഞു. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: എന്താണ് കൂറുമാറ്റ നിരോധന നിയമം? ഷിൻഡെയ്ക്ക് എങ്ങനെ അതിൽനിന്നും രക്ഷപ്പെടാൻ കഴിയും

പാര്‍ട്ടിയെ പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുന്ന എന്‍ സി പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ശിവസേനയില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണു വിമത എം എല്‍ എമാര്‍ ഏകനാഥ് ഷിന്‍ഡെയെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയത്തില്‍ പറയുന്നത്. ഏകനാഥ് ഷിന്‍ഡെ വൈകിട്ട് ഏഴിനു വാര്‍ത്താസമ്മേളനം നടത്തിയേക്കുമെന്ന വിവരമുണ്ട്. വിമതര്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ തങ്ങളുടെ എല്ലാ എം എല്‍ എമാരോടും വൈകിട്ട് അഞ്ചിനു മുംബൈയില്‍ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കണമെന്നും അല്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്നും ശിവസേന മുന്നറിയിപ്പ് നൽകിയിരുന്നു.

നേരെത്ത നടന്ന നിർണായക മന്ത്രിസഭാ യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോഗത്തിൽ പങ്കെടുത്തത്. അദ്ദേഹത്തിനു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗത്തിൽ നേരിട്ടു പങ്കെടുക്കുന്നത് ഒഴിവാക്കിയത്. ഇതിനു മുൻപായി, നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധി മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടുന്നതിനെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നതെന്ന് ശിവസേനയുടെ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു.

അതിനിടെ, മഹാരാഷ്ട്ര മന്ത്രി ഏകനാഥ് ഷിൻഡെയുടെ ആളുകൾ തന്നെ കാറിൽ ഗുജറാത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് ശിവസേനയുടെ ഒസ്മാനാബാദിൽ നിന്നുള്ള നിയമസഭാ അംഗം (എംഎൽഎ) കൈലാസ് പാട്ടീൽ ആരോപിച്ചു. എന്നാൽ യാത്രയ്ക്കിടയിൽവച്ച് താൻ അവരുടെ പിടിയിൽനിന്നും രക്ഷപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

2019 നവംബറിലാണ് ശിവസേന-എൻസിപി-കോൺഗ്രസ് (മഹാവികാസ് അഘാഡി) സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ ശിവസേന നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയുടെ വിമത നീക്കം മഹാവികാസ് അഘാഡി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സർക്കാർ താഴെ വീഴാതിരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സജീവ നീക്കങ്ങൾ നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം വിളിച്ച യോഗത്തിൽ പാർട്ടിയിലെ 55 എംഎൽഎമാരിൽ 18 പേർ മാത്രമാണ് പങ്കെടുത്തത്. ഷിൻഡെയെ നിയമസഭാ പാർട്ടി നേതാവ് നീക്കം ചെയ്ത ശിവസേന പകരം ശിവാദി എംഎൽഎ അജയ് ചൗധരിയെ ആ പദവിയിൽ നിയമിച്ചിരുന്നു.

Also Read: അന്ന് സി എ എ വിവാദം, ഇപ്പോൾ ആര്‍ എസ് എസ് വേദി; കെ എന്‍ എ ഖാദറില്‍ തടഞ്ഞുവീണ് ലീഗ്

എം‌എൽ‌എമാരുടെ ക്രോസ് വോട്ടിങ്ങിനെത്തുടർന്ന് എം‌വി‌എയ്ക്ക് തിരിച്ചടി നേരിട്ട നിയമ നിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് ശേഷമുണ്ടായ ഷിൻഡെയുടെ കലാപം ശിവസേന സഖ്യത്തിന്റെ ഭാവിയെ ചോദ്യം ചെയ്തു. കഴിഞ്ഞ മാസം സേന എംഎൽഎ രമേഷ് ലട്‌കെയുടെ മരണത്തെത്തുടർന്ന് നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 287 ആയി. ആകെ 288 അംഗങ്ങളുള്ള സഭയിൽ എം.വി.എയ്ക്ക് കുറഞ്ഞത് 144 എം.എൽ.എമാരെങ്കിലും ആവശ്യമാണ്. ഷിൻഡെയുടെ വിമത നീക്കത്തിനു മുൻപ്, സഭയിൽ അവരുടെ അംഗബലം 152 ആയിരുന്നു – സേന 55, എൻസിപി 53, കോൺഗ്രസ് 44. ബി ജെ പി 106 ആണ്, മറ്റുള്ളവർ ബാക്കി 29 ആണ്.

ഉദ്ധവ് വിളിച്ച യോഗത്തിൽ 37 സേന എംഎൽഎമാർ പങ്കെടുക്കാത്തതിനാൽ, സഖ്യം അനിശ്ചിതത്വത്തിലാണെന്ന് തോന്നുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം, ഒരു പ്രത്യേക ഗ്രൂപ്പായി അവകാശവാദം ഉന്നയിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. സേനയുടെ 55 എംഎൽഎമാരിൽ 37 പേരെയും ഷിൻഡെ നിലനിർത്തിയാൽ അദ്ദേഹത്തിന് മുന്നിലുള്ള വഴിയിൽ തടസ്സങ്ങളില്ല.

ഷിൻഡെ ക്യാമ്പിൽ മൂന്ന് മന്ത്രിമാരുണ്ട് – ശംഭുരാജ് ദേശായി (ആഭ്യന്തര സഹമന്ത്രി), അബ്ദുൾ സത്താർ (റവന്യൂ സഹമന്ത്രി), കൂടാതെ, സന്ദീപൻ ഭൂമാരെ (ഇജിഎസ് ആൻഡ് ഹോർട്ടികൾച്ചർ സഹമന്ത്രി).

തന്റെ പാർട്ടിയിലെ കലാപത്തിന് ബിജെപിയെ കുറ്റപ്പെടുത്തി സേന എംപി സഞ്ജയ് റാവത്ത് രംഗത്തുവന്നിട്ടുണ്ട്. ”ഗുജറാത്തിൽ നിന്നാണ് ബിജെപി കരുനീക്കം നടത്തുന്നത്. സേനാംഗങ്ങളെ ബലം പ്രയോഗിച്ച് ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. അവർ ആക്രമിക്കപ്പെട്ടു. തട്ടിക്കൊണ്ടുപോകലിന് തുല്യമാണത്. മടങ്ങിപ്പോകാൻ ആഗ്രഹിച്ച പലരെയും പൊലീസ് തടഞ്ഞുവച്ചു. ചിലർ തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് അറിയിച്ചു,” അദ്ദേഹം അവകാശപ്പെട്ടു.

രണ്ട് മുതിർന്ന പാർട്ടി നേതാക്കളായ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിനേയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയേയും ഷിൻഡെയുമായും വിമത എംഎൽഎമാരുമായും ചർച്ച നടത്താനുള്ള ചുമതല ഏൽപ്പിച്ചതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. ”ആഭ്യന്തര പ്രതിസന്ധിയെ താക്കറെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കാണാൻ പാർട്ടി ആഗ്രഹിക്കുന്നു. ഒരു തീരുമാനവും എടുക്കാൻ ഞങ്ങൾക്ക് തിടുക്കമില്ല,” ബിജെപി വൃത്തങ്ങൾ പറഞ്ഞു.

Read More: ആരാണ് ദ്രൗപതി മുർമു; അറിയാം ഈ 10 കാര്യങ്ങൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Minister leads shiv sena revolt ruling mva fights for survival in maharashtra