ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പെട്രോള്‍ വില വര്‍ദ്ധനവിനെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വച്ഛതാ ഹി സേവാ’ ക്യാംപെയിനിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റ് പരിസരം വൃത്തിയാക്കാന്‍ എത്തിയതായിരുന്നു കണ്ണന്താനം. എന്നാല്‍ പ്രദേശത്ത് മാലിന്യങ്ങള്‍ ഒന്നും കാണാന്‍ കഴിയാതെ മന്ത്രി കുഴയുകയായിരുന്നുവെന്ന് പിടിഐയെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ടൂറിസം മന്ത്രി വിയര്‍ക്കുന്നത് കണ്ട് നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത വളണ്ടിയര്‍മാരും മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഉടന്‍ തന്നെ മന്ത്രിക്ക് വേണ്ടി മാലിന്യങ്ങള്‍ സംഘടിപ്പിച്ചു. ഒഴിഞ്ഞ വെളളക്കുപ്പികളും പാന്‍മസാലയുടെ പാക്കറ്റുകളും ഐസ്ക്രീം കപ്പുകളും എന്നുവേണ്ട കിട്ടാവുന്ന മാലിന്യങ്ങളൊക്കെ മന്ത്രിക്ക് മുമ്പിലെത്തി. ഉടന്‍ തന്നെ മന്ത്രി മാലിന്യങ്ങള്‍ ഓരോന്നായി വൃത്തിയാക്കാന്‍ തുടങ്ങി.

സ്ഥലത്തുണ്ടായിരുന്ന ഭൂരിഭാഗം പേരും എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ നോക്കി നില്‍ക്കുകയായിരുന്നു. കൂടാതെ സ്ഥലത്ത് മാലിന്യം വൃത്തിയാക്കാനെത്തിയത് കേന്ദ്രമന്ത്രിയാണോയെന്ന് മനസ്സിലാകാതെയാണ് ഇവര്‍ നോക്കിനിന്നത്. മന്ത്രി കാഴ്ച്ചക്കാരുടെ കൈ പിടിച്ച് കുലുക്കുമ്പോഴും പുറത്ത് തട്ടി വിശേഷങ്ങള്‍ ചോദിച്ചപ്പോഴും ആളുകള്‍ ആശയക്കുഴപ്പത്തിലായിരുന്നു.

റോഡിന് വശത്തായി ഭക്ഷണം വില്‍ക്കുന്ന തട്ടുകടക്കാരോടും മന്ത്രി കുശലാന്വേഷണം നടത്തി. എത്ര രൂപ വരുമാനം ലഭിക്കാറുണ്ടെന്നും ഭക്ഷണം കഴിക്കാനെത്തുന്നവരോട് മാലിന്യം ചവറ്റുകൊട്ടയില്‍ നിക്ഷേപിക്കാന്‍ പറയണമെന്നും അദ്ദേഹം കടക്കാരോട് നിര്‍ദേശിച്ചു. ഇന്ത്യാ ഗേറ്റ് പരിസരം സ്ഥിരമായി വൃത്തിയാക്കാറുണ്ടെന്നും എന്നാല്‍ കുറച്ച് കൂടെ മെച്ചപ്പെടുത്താന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 15 ടൂറിസം മേഖലയില്‍ ഒന്നാണ് ഇന്ത്യ ഗേറ്റ്.

കഴിഞ്ഞ ദിവസം പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വണ്ടിയുള്ളവരെല്ലാം പണക്കാരാണെന്നും അവരിൽ നിന്നു പണം പിരിച്ചു വേണം പാവപ്പെട്ടവരെ സഹായിക്കാനെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. “രാജ്യത്തെ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ ഉന്നമനമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. അവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപയുടെ ആവശ്യമുണ്ട്. പെട്രോളിയം വില വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ളവയില്‍ നിന്നും കിട്ടുന്ന പണം ഇതിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്”, ഇതായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook