ബെംഗളൂരു : പൗരന്മാര്‍ മതേതരരാകരുത്, അവര്‍ തങ്ങളുടെ ജാതിയുടേയും മതത്തിന്‍റെയും പേരില്‍ തിരിച്ചറിയപ്പെടണം എന്നും അതിനനുസരിച്ച് ഭരണഘടന മാറ്റാനാണ് തങ്ങള്‍ ഇവിടെയുള്ളത് എന്ന് കേന്ദ്രമന്ത്രി ആനന്ത്കുമാര്‍ ഹെഗ്ഡെ. കര്‍ണാടകത്തിലെ കൊപ്പാലില്‍ ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

” മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണ്. അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നത്” എന്ന് പറഞ്ഞ ആനന്ത്കുമാര്‍ ഹെഗ്ഡെ, ഓരോരുത്തരും മുസ്ലീം ആയും ക്രിസ്ത്യാനിയായും ബ്രാഹ്മണനായും ലിങ്കായത് ആയും ഹിന്ദുവായും തിരിച്ചറിയുകയാണെങ്കില്‍ താന്‍ സന്തുഷ്ടനാണ് എന്നും അഭിപ്രായപ്പെട്ടു. “പക്ഷെ അവർ മതേതരാണ് എന്ന് പറയുന്നിടത്താന് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.” നൈപുണ്യ വികസനത്തിന്‍റെയും സംരംഭകത്വത്തിന്‍റെയും ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പറഞ്ഞു.

ഭരണഘടന കാലോചിതമായി പരിഷ്കരിക്കണം എന്ന് അഭിപ്രായപ്പെട്ട ആനന്ത് കുമാര്‍ ‘അതിനായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.’ എന്നും പറഞ്ഞതായി ദ്‌ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍പും ഇത്തരത്തിലുള്ള വിവാദപ്രസ്താവനകള്‍ നടത്തിയിട്ടുള്ള ആളാണ്‌ ആനന്ത്കുമാര്‍ ഹെഗ്ഡെ. ഇസ്ലാമിനെ ഭീകരവാദവുമായി ബന്ധിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് ഹെഗ്ഡെ നിയമനടപടി നേരിട്ടിരുന്നു. ഉത്തര കന്നഡയില്‍ നിന്നും അഞ്ച് തവണ ലോക്സഭാംഗമായിട്ടുള്ള ആനന്ത്കുമാര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയും മുന്‍പ് വിവാദമുണ്ടാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook