ന്യൂഡൽഹി: ആധാറിലെ വിരലടയാളവുമായി യോജിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് പേർക്ക് ക്ഷേമപെൻഷനുകൾ ലഭിക്കുന്നില്ല. ലോക്സഭയിൽ ബിജെപി നേതാവ് സുശീൽ കുമാർ സിംഗാണ് ശൂന്യവേളയിൽ ഈ വിഷയം അവതരിപ്പിച്ചത്.
പ്രായമായവർക്ക് അവരുടെ ക്ഷേമ പെൻഷൻ ലഭിക്കുന്നില്ലെന്നാണ് എംപി ചൂണ്ടിക്കാട്ടിയത്. ഭിന്നശേഷിയുള്ളവരെയും പ്രായമായവരെയും പദ്ധതി തിരിഞ്ഞുകുത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“തന്റെ അമ്മയ്ക്ക് മൊബൈൽ സിം കാർഡിന് അപേക്ഷിച്ചപ്പോൾ വിരലടയാളം യോജിക്കുന്നില്ലെന്ന് പറഞ്ഞ് തടയപ്പെട്ടു. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് സിം എടുത്തത്. അപ്പോൾ സാധാരണക്കാരായവരുടെ ക്ഷേമപെൻഷനുകൾ എത്രത്തോളം തടസ്സപ്പെടുന്നുണ്ടെന്ന് ഓർത്തുനോക്കൂ”, അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാറിലെ ഔറംഗാബാദിൽ നിന്നുള്ള ലോക്സഭാംഗമാണ് ഇദ്ദേഹം.