ഗുരുഗ്രാം: വാഹനത്തിന്റെ രേഖകള്‍ ചോദിച്ച പൊലീസുകാരന്റെ മുമ്പില്‍ വച്ച് പാല്‍ വില്‍പ്പനക്കാരന്‍ തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ് അഗ്നിക്കിരയാക്കി. ഹരിയാനയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തീ വേഗത്തില്‍ അണച്ചത് കാരണം ആര്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടില്ല. വഴിയാത്രക്കാരും കടക്കാരും പരിഭ്രാന്തരായ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഇതിന്റെ ദൃശ്യങ്ങള്‍ വഴിയാത്രക്കാര്‍ പകര്‍ത്തി. വീഡിയോ പിന്നീട് സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. 30 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് അക്രമം കാണിച്ചത്. ട്രാഫിക് പൊലീസുകാരന്‍ തടഞ്ഞതാണ് സംഭവത്തിന്റെ തുടക്കം. പാല്‍ വില്‍പ്പനക്കാരന്‍ ബൈക്കിന്റെ പിറകില്‍ രണ്ട് വലിയ പാത്രം നിറയെ പാല്‍ കെട്ടിവച്ചിരുന്നു. ഇയാളുടെ വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ അതിനു പകരമായി ‘ഓം നമ ശിവായ’ എന്നായിരുന്നു എഴുതിയിരുന്നതെന്ന് ടൈംസ്ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമി ഹെല്‍മറ്റും ധരിച്ചിട്ടുണ്ടായിരുന്നില്ല. ഇ-ചെല്ലാനുമായി പിഴ അടപ്പിക്കാന്‍ ചെന്ന ട്രാഫിക് പൊലീസുകാരനോട് ഇയാള്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. വണ്ടിയുടെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പ്രതി രോഷാകുലനായത്. തുടര്‍ന്ന് ഫ്യുവല്‍ പൈപ്പ് ഊരിയ പ്രതി ബൈക്കിന് തീയിടുകയായിരുന്നു.

ജനങ്ങള്‍ പരിഭ്രാന്തിയിലായ സമയം ഇയാള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തില്‍ ഗുരുഗ്രാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ മോഷ്ടിച്ച വണ്ടിയാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook