ഖോരക്പൂര്‍: വിദേശയിനം പശുക്കളുടെ പാല്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്ന് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്. മനുഷ്യരെ കൂടുതല്‍ അക്രമാസക്തരാക്കാനും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനും ഇത് ഇടവരുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നാടന്‍ പശുക്കളുടെ പാല്‍ കുടിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഉത്തര്‍പ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തില്‍ നടന്ന ‘സനാതന ഹിന്ദു ധര്‍മ്മത്തില്‍ പശുക്കളുടെ പ്രാധാന്യം’ എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഹരിയാനയിലെ 300 പശുക്കളുള്ള 200 ഏക്കറിലുള്ള തന്റെ ഫാമില്‍ നിര്‍മ്മിക്കുകയും പരീക്ഷിച്ച് വിജയിക്കുകയും ചെയ്ത ജീവ് അമൃത് എന്ന ജൈവ വളത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് എത്തരത്തിലാണ് ഈ ജൈവവളം നിര്‍മ്മിക്കേണ്ടത് എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത്തരം വളം മണ്ണിന്റെ ജൈവികതയേയും മണ്ണിരകളുടെ വളര്‍ച്ചയെയും ഗുണപരമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ രീതി കര്‍ഷകരെ പരിശീലിപ്പിക്കുന്നതിന് 25 കോടിയുടെ പദ്ധതി ഹരിയാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
30 ഏക്കര്‍ ഭൂമിയില്‍ കൃഷിചെയ്യാന്‍ ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും മാത്രമേ ആവശ്യമുള്ളൂവെന്നും, എന്നാല്‍ എച്ച്എഫ്, ജെഴ്സി ഇനത്തില്‍പ്പെട്ട 20 പശുക്കളുടെ ചാണകം ഒരേക്കര്‍ സ്ഥലത്തെ കാര്‍ഷികാവശ്യങ്ങള്‍ക്കു മാത്രമേ തികയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു യൂണിവേഴ്സിറ്റികളിലായി തന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ നാടന്‍ പശുക്കളുടെ ചാണകത്തിലുള്ള സൂക്ഷ്മ ജൈവാണുക്കളുടെ അളവ് വിദേശ പശുക്കളുടേതിനെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ രണ്ടു മുതല്‍ അഞ്ച് ലക്ഷം കോടി വരെ ജൈവാണുക്കളുണ്ട്. എന്നാല്‍ വിദേശ ഇനങ്ങളുടെ ചാണകത്തില്‍ ഇത് 60 ലക്ഷം മുതല്‍ 70 ലക്ഷം വരെ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.