ശ്രീനഗർ: സെക്യൂരിറ്റി ജീവനക്കാരനായ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവച്ചു കൊന്നു. കശ്മീരിലെ പുൽവാമയിൽ ഇന്നു രാവിലെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബറിനുശേഷം താഴ്‌വരയിൽ കശ്മീരി പണ്ഡിറ്റുകൾക്കുനേരെയുള്ള ആദ്യ ആക്രമമാണിത്.
ഇന്നു രാവിലെ ഭീകരരെന്നു സംശയിക്കുന്നവർ പുൽവാമയിലെ അചാൻ ഗ്രാമത്തിലെ സഞ്ജയ് ശർമ്മയ്കുനേരെ വെടിവയ്ക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ശർമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ അപലപിച്ച കശ്മീരി പണ്ഡിറ്റ് സമൂഹം സർക്കാരിനെ കുറ്റപ്പെടുത്തി. ”മനോജ് സിൻഹയെ ഓർത്ത് ലജ്ജിക്കുന്നു. മറ്റൊരു കുടിയേറ്റക്കാരല്ലാത്ത കശ്മീരി പണ്ഡിറ്റ് എടിഎമ്മിൽ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു. അചാൻ പുൽവാമയിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു,” കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ കശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ ഷോപ്പിയാനിലെ ചൗധരി ഗണ്ട് ഗ്രാമത്തിലെ കർഷകനായ പുരൻ കൃഷ്ണൻ ഭട്ടിനെ ഭീകരർ വെടിവച്ചു കൊന്നിരുന്നു. ഈ സംഭവത്തിനുപിന്നാലെ പത്തോളം കുടുംബങ്ങൾ താഴ്‌വരയിൽനിന്നു ജമ്മുവിലേക്ക് കുടിയേറി പാർത്തിരുന്നു. 2019-ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരി പണ്ഡിറ്റുകൾക്കും താഴ്‌വരയിലെ ന്യൂനപക്ഷ സമുദായത്തിലെ മറ്റ് അംഗങ്ങൾക്കും നേരെ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2021 ഒക്‌ടോബർ മുതൽ ആക്രമണങ്ങൾ വർധിച്ചു.