‘അവര്‍ക്ക് താക്കീത് നല്‍കാമായിരുന്നു, എന്തിനാണ് കൊന്നത്?’ കശ്‌മീരില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ അമ്മ

“എന്റെ ലോകമാണ് അവരെന്നില്‍ നിന്നും തട്ടിയെടുത്തത്. നിഷ്‌കളങ്കനായ എന്റെ മകനെ അവര്‍ കൊന്നുകളഞ്ഞു”

ശ്രീനഗർ: വെള്ളിയാഴ്ച പുലര്‍ച്ചെ 12കാരനായ യുദ്ദ്‌വീര്‍ ഉറക്കമെണീറ്റത് വീട്ടിലെന്തോ വലിയ ശബ്ദം കേട്ടാണ്. ഉണര്‍ന്നപ്പോള്‍ തന്റെ പിതാവിനെ കൊണ്ടുപോകാനായി വന്ന ഭീകരരോട് കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്ന മുത്തശ്ശിയെയാണ്.

‘എല്ലാവരും കേണു പറഞ്ഞു, പക്ഷെ അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല,’ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ തന്റെ പിതാവിന്റെ മൃതദേഹത്തിനടുത്തിരുന്നുകൊണ്ട് യുദ്ദ്‌വീര്‍ പറയുന്നു. ‘എനിക്കറിയില്ല അവരെന്തിനാണ് അദ്ദേഹത്തിനെ കൊലപ്പെടുത്തിയതെന്ന്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല.’

കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്ന് പൊലീസുകാരില്‍ ഒരാളായിരുന്നു 35കാരനായ കുല്‍വന്ത് സിങ്. കുല്‍വന്തിന്റെ വീട്ടുകാരും നാട്ടുകാരും നടുക്കത്തില്‍ നിന്നും മാറിയിട്ടില്ല. ജമ്മുവിലേക്ക് പോയ ഭാര്യയെ ഇനിയും വിവരം അറിയിച്ചിട്ടില്ല.

‘പൊലീസിലല്ല ഇപ്പോള്‍ ജോലി ചെയ്യുന്നതെന്ന് എന്റെ മകന്‍ എന്നോട് പറഞ്ഞതാണ്. കുല്‍ഗാമില്‍ ഒരു കട നടത്തുകയായിരുന്നു അവന്‍. അവന്‍ പൊലീസില്‍ ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്റര്‍നെറ്റിലൂടെ രാജി അറിയിക്കാന്‍ ഞാന്‍ അവനോട് പറഞ്ഞേനെ. ഞങ്ങള്‍ ഒരിക്കലും ഈ ഗ്രാമം ഉപേക്ഷിച്ച് പോയിട്ടില്ല. കാരണം ഇവിടെ എല്ലാവരും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. എനിക്കൊന്നും പറയാന്‍ സാധിക്കുന്നില്ല. ഇനി ആരാണ് ഈ കുടുംബത്തെ നോക്കുക?’ അമ്മ പുഷ്പാ ദേവി പറയുന്നു.

രാവിലെ രണ്ടു ഭീകരര്‍ വീട്ടില്‍ കയറിവരുകയും കുല്‍വന്തിനോട് തങ്ങള്‍ക്കൊപ്പം വരാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പുഷ്പാ ദേവി പറയുന്നു. അരമണിക്കൂറിന് ശേഷമാണ് മകന്റെ മൃതദേഹം ഗ്രാമത്തില്‍ കണ്ടുവെന്ന് ഇവര്‍ അറിയുന്നത്.

കുല്‍വന്തിന്റെ വീടിന്റെ എതിര്‍വശത്താണ് കൊല്ലപ്പെട്ട ഫിര്‍ദോസ് അഹമ്മദ് കുച്ചിയുടേയും വീട്. ‘എന്റെ ലോകമാണ് അവരെന്നില്‍ നിന്നും തട്ടിയെടുത്തത്. അവര്‍ക്കവന് താക്കീത് നല്‍കാമായിരുന്നു. പക്ഷെ നിഷ്‌കളങ്കനായ എന്റെ മകനെ അവര്‍ കൊന്നുകളഞ്ഞു,’ ഫിര്‍ദോസിന്റെ മാതാവ് ഫാത്തിമ ബീഗം പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Militants could have warned why kill mother of spo kulwant singh killed in shopian

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express