മുംബെെ: രണ്ട് ആഴ്ചക്കുള്ളില്‍ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷ വകുപ്പ് (ഐഎംഡി) ഇക്കൊല്ലത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലാവസ്ഥ സംബന്ധിച്ച ആദ്യ അറിയിപ്പ് പുറത്തിറക്കും. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകളില്‍ നിന്നും മനസിലാകുന്നത് നല്ല മഴ ലഭിക്കില്ലെന്നാണ്. സാധാരണയായി ജൂണ്‍ മാസം ആദ്യത്തോടെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത്.

ഇപ്പോള്‍ ഭൂമധ്യരേഖയോടടുത്തത് രൂപപ്പെട്ടിരിക്കുന്ന എല്‍ നിനോ മണ്‍സൂണ്‍ വരെയോ ചിലപ്പോള്‍ ഈ വര്‍ഷം അവസാനം വരെയോ തുടരാന്‍ സാധ്യതയുള്ളതായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കാലാവസ്ഥാ ഏജന്‍സികള്‍ നല്‍കുന്ന ബുള്ളറ്റിനുകള്‍ പറയുന്നത്. പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖയോടു ചേര്‍ന്ന ഭാഗത്ത് സമുദ്രജലത്തിന്റെ ഊഷ്മാവ് കൂടുന്ന അവസ്ഥയാണ് എല്‍ നിനോ.

പസഫിക് സമുദ്രോപരിതലത്തിലെ ചൂട് ശരാശരിയില്‍ കൂടുതാണ് ഇപ്പോള്‍. കാറ്റുമുണ്ട്. സെപ്തംബര്‍ വരെ എല്‍നിനോ ഇതേ സ്ഥിതിയില്‍ തുടരാനാണ് സാധ്യത കാണുന്നത്. മാര്‍ച്ചു മുതല്‍ മെയ് വരെ 80 ശതമാനവും വേനല്‍ക്കാലത്തിന് ശേഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 60 ശതമാനവും എല്‍നിനോ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് യുഎസിന്റെ കാലാവസ്ഥാ പ്രവചന വിഭാഗകമായ എന്‍ഒഎഎയുടെ അറിയിപ്പില്‍ പറയുന്നുണ്ട്.

നേരത്തെ ഫെബ്രുവരിയില്‍ പുറത്ത് വിട്ട അറിയിപ്പില്‍ 55 ശതമാനത്തിന്റെ സാധ്യതയായിരുന്നു പറഞ്ഞിരുന്നത്. അതേസമയം, ഓസ്‌ട്രേലിയയുടെ അലേര്‍ട്ടില്‍ എല്‍നിനോയ്ക്ക് 70 ശതമാനം സാധ്യതയാണ് കല്‍പ്പിക്കുന്നത്.

പതിവു പോലെ ഏപ്രില്‍ മാസത്തിന്റെ മധ്യത്തിലാണ് ഐഎംഡി ഇക്കൊല്ലവും കാലാവസ്ഥ സംബന്ധിച്ച അറിയിപ്പ് നല്‍കുക. കൃഷി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ വിഷയങ്ങളില്‍ മണ്‍സൂണ്‍ മഴയ്ക്ക് ഏറെ സ്വാധീനമുള്ളത് കൊണ്ടു തന്നെ ആകാംഷയോടെയാണ് പ്രവചനത്തെ കാത്തിരിക്കുന്നത്.

”നല്ല മഴയ്ക്കുള്ള സാഹചര്യമല്ല ഇപ്പോള്‍ കാണുന്നത്. പക്ഷെ, ഇപ്പോള്‍ അതേ കുറിച്ച് എന്തെങ്കിലും ഉറപ്പിച്ച് പറയുക സാധ്യമല്ല. കാത്തിരുന്ന് സൂചനകള്‍ നോക്കിയാണ് തീരുമാനത്തിലേക്ക് എത്തേണ്ടത്” ഐഎംഡി കാലാവസ്ഥാ ഗവേഷണ വിഭാഗത്തിന്റെ തലവനായ ഡിഎസ് പൈ പറഞ്ഞു. എല്‍ നിനോയെ സംബന്ധിച്ച് വ്യക്തമായൊരു ചിത്രം വരും ആഴ്ചകളില്‍ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നാണ് മാരിലാന്റ് സര്‍വ്വകലാശാലയിലെ രഘു മുര്‍തുഗുഡ്ഡേ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook