തിരുവന്തപുരം: അതിഥി തൊഴിലാളികളുമായുള്ള രണ്ടു ട്രെയിനുകൾ ഇന്ന് കേരളത്തിൽ നിന്നും പുറപ്പെടും. ഒരു ട്രെയിൻ തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് രണ്ട് മണിക്കും മറ്റൊന്ന് കൊച്ചിയിൽ നിന്നും വൈകുന്നേരം അഞ്ചു മണിക്കുമാണ് പുറപ്പെടുക. ജാർഖണ്ഡ്, ഹാതിയ എന്നിവിടങ്ങളിലുള്ളവരുമായാണ് ട്രെയിനുകൾ പുറപ്പെടുന്നത്. സമയക്രമങ്ങളിൽ മാറ്റം വരാനും സാധ്യതയുണ്ട്.

ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിനിൽ 1,200 പേരെയാണ് ജാർഖണ്ഡിലെ ഹാതിയയിലേക്ക് അയക്കുന്നത്. ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുന്നവർ സ്റ്റേഷനിൽ എത്തിത്തുടങ്ങി.

വൈദ്യ പരിശോധനയടക്കം നടത്തി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാകും ഇവരെ അയക്കുക. രോഗലക്ഷണമുള്ളവരെ അയക്കില്ല. പരിശോധനയ്ക്കും രജിസ്ട്രേഷനുമായി പൊലീസ്‌, ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തും. ഉച്ചയോടെ നടപടികൾ പൂർത്തിയാകുമെന്നും കലക്ടർ പറഞ്ഞു.

അതേസമയം തൊഴിലാളികളെ അതത് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള റെയിൽവേ ടിക്കറ്റ് ഉൾപ്പെടെയുള്ള​ ചെലവ് കേന്ദ്രസർക്കാർ വഹിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. ഇവർക്ക് 7500 രൂപയും കേന്ദ്രസർക്കാർ കൊടുക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ആദ്യ ട്രെയിൻ രാത്രി പുറപ്പെടും; സ്വദേശത്തേക്ക് മടങ്ങുന്നത് ആയിരത്തിലധികം പേർ

അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ വെള്ളിയാഴ്ച കൊച്ചിയിൽ നിന്നു പുറപ്പെട്ടു. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കേരളത്തിൽ നേരത്തെ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ആയിരത്തിലധികം പേരാണ് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയിനിൽ ഒഡിഷയിലേക്ക് മടങ്ങിയത്.
ഇന്നലെ ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തിരിച്ച ട്രെയിനില്‍ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുളളവരാണ്. രാത്രി പത്തു മണിയോടെയാണ് ട്രെയിൻ പുറപ്പെട്ടത്.

കണ്ടഹാമല്‍ (359 പേര്‍), കേന്ദ്രപാറ (274), ഗഞ്ചാം (130), ഭദ്രക് (92), കിയോഞ്ജിര്‍ഹാര്‍ (87), ജാജ്പൂര്‍ (40), ബാലസോര്‍ (20), റായഗഡ (18), പുരി (17), കട്ടക് (16), നായഗഢ് (10), ജഗത്സിംഗ്പൂര്‍ (8), ബൗദ്ധ് (6), ഖോര്‍ധ (5), മയൂര്‍ഭഞ്ജ്, കാലഘണ്ടി, നൗപാഡ (നാല് വീതം), നബരംഗ്പൂര്‍ (3), രംഗനാല്‍ (2).

അതേസമയം, ലോക്ക്ഡൗൺ തുടങ്ങി 40 ദിവസങ്ങൾ തികയാറാകുമ്പോൾ, ഇതര സംസ്ഥാന തൊഴിലാളികളെയും വഹിച്ചു കൊണ്ടുളള ആദ്യ ട്രെയിൻ ഇന്നലെ തെലങ്കാനയിൽനിന്നും പുറപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് തെലങ്കാനയിലെ ലിംഗപ്പളളിയിൽനിന്നും ജാർഖണ്ഡിലെ ഹാട്ടിയയിലേക്ക് ട്രെയിൻ പുറപ്പെട്ടത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയവും റെയിൽവേ മന്ത്രാലയും തമ്മിൽ നടന്ന യോഗത്തിനുശേഷമായിരുന്നു ഈ നീക്കം. കൂടുതൽ ട്രെയിനുകൾ ഇത്തരത്തിൽ സർവീസ് നടത്താൻ നീക്കം നടക്കുന്നതായി വൃത്തങ്ങൾ പറയുന്നു. അതേസമയം, ഔദ്യോഗികമായി ഒരു സർവീസ് മാത്രമേ റെയിൽവേ ഇതുവരെ അറിയിച്ചിട്ടുളളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook