മുംബൈ: കോവിഡ് കേസുകളില്‍ ദിനംപ്രതി ഉണ്ടാകുന്ന വർധന, ലോക്ക്ഡൗണ്‍ സാധ്യത, മറ്റു നിയന്ത്രണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ അതിഥി തൊഴിലാളികളുടെ ജീവിതം വീണ്ടും പ്രതിസന്ധിയിൽ. സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ ഒരു തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പലരും സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് അതിഥി തൊഴിലാളികള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്ന് വീടുകളിലേക്ക് മടങ്ങിയിരുന്നു.
നഗരത്തിലെ തൊഴിലാളികള്‍ക്കു പറയാനുള്ളത് ആശങ്കകള്‍ നിറഞ്ഞ കഥകള്‍ മാത്രമാണ്. ” സര്‍ക്കാര്‍ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് ഞങ്ങൾക്കറിയാം, എന്നാൽ കഴിഞ്ഞ വർഷത്തെപ്പോലെ ആരും കഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. സമ്പാദിക്കാൻ ഒരു മാർഗവുമില്ലാത്ത ഒരു സമയത്ത് ട്രക്കിൽ വീട്ടിലേക്കു പോകാൻ ചെലവഴിക്കേണ്ടി വന്നത് 3,000 രൂപയാണ്,” ജാരി മാരി പ്രദേശത്തെ വസ്ത്രനിര്‍മാണ യൂണിറ്റിലെ തൊഴിലാളി മെഹബൂബ് അലി പറഞ്ഞു.
ജീവിത പ്രതിസന്ധികള്‍ക്കു പുറമെ മറ്റുള്ളവരുടെ കൊള്ളയും ഇവരെ ബുദ്ധിമുട്ടിപ്പിക്കുകയാണ്. നാട്ടിലേക്കു മടങ്ങുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പ്രാദേശിക കടയിലെത്തിയ അലിയോട് ഇരട്ടിത്തുകയാണ് ടിക്കറ്റിന് ആവശ്യപ്പെട്ടത്. അടുത്തെങ്ങും ടിക്കറ്റ് ലഭ്യമല്ലെന്ന മറുപടിയും ഒപ്പമുണ്ടായിരുന്നു. സഹോദരങ്ങളെ കഴിഞ്ഞയാഴ്ച നാട്ടിലേക്ക് മടക്കിയയച്ചു അലി. വീണ്ടുമൊരു ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ ജീവിക്കാനുള്ള പണം കണ്ടെത്താനാണ് ഇരുപത്തി മൂന്നുകാരനായ അലി മഹാരാഷ്ട്രയില്‍ ഇപ്പോള്‍ തുടരുന്നത്. വസ്ത്രര്‍മ്മാണ യൂണിറ്റില്‍നിന്ന് പകുതി ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്നും അലി കൂട്ടിച്ചേര്‍ത്തു.
Read More: വാക്സിനെടുത്താൽ കോവിഡ് വ്യാപന സാധ്യത കുറവാണ്; ഒട്ടും വരില്ലെന്ന് അർത്ഥമാക്കുന്നില്ലെന്ന് പഠനം
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയയ്ക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന അഭിപ്രായമാണ് ഘട്ട്കോപ്പറില്‍ ചുമട്ടുതൊഴിലാളികളുടെ മേല്‍നോട്ടം വഹിക്കുന്ന മുന്ന ഗിരിക്കുള്ളത്. “കടകള്‍ തുറക്കാന്‍ തുടങ്ങിശേഷം നാലഞ്ച് മാസം മുമ്പാണ് ഞങ്ങളെല്ലാം നഗരത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് പോയത് പണം കടമെടുത്താണ്. ഇത്തവണ ഇവിടെ കുടുങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്നില്ല,” മുന്ന ഗിരി പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്നറിയാന്‍ ഗിരിയെപോലുള്ള തൊഴിലാളികള്‍ കുറഞ്ഞത് പത്ത് തവണയെങ്കിലും അന്വേഷണം നടത്തിയെന്ന് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ ആജീവിക ബ്യൂറോയുടെ സീനിയര്‍ അസോസിയേറ്റ് ദീപക് പരദ്കര്‍ പറഞ്ഞു. “ഒറ്റപ്പെട്ടു പോകുമെന്ന ഭയമാണ് തൊഴിലാളികള്‍ക്ക്. വേണ്ട തയാറെടുപ്പുകള്‍ നടത്താന്‍ മുന്‍കൂട്ടി വിവരങ്ങള്‍ അറിയിക്കണമെന്ന് ഭൂരിഭാഗം ആളുകളും അഭ്യര്‍ത്ഥിക്കുന്നു,” ദീപക് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വിദഗ്‌ധരുമായി ചര്‍ച്ച ചെയ്യാതെ: ബിബിസി റിപ്പോര്‍ട്ട്
കോവിഡ് വ്യാപനാരംഭ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വിദഗ്ധരുമായി മതിയായ ചര്‍ച്ചകള്‍ നടത്താതെയാണെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ധനകാര്യം, ആരോഗ്യം, ദുരന്തനിവാരണം എന്നീ വകുപ്പുകളില്‍ നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടികള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് വിദഗ്ധരുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആഭ്യന്തര വകുപ്പ് അപേക്ഷകള്‍ നിരസിക്കുകയാണ് ഉണ്ടായത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അന്ന് വെറും 519 കോവിഡ് കേസുകളും ഒമ്പത് മരണങ്ങളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജനങ്ങള്‍ വീടുകളില്‍ തുടരുന്നത് രോഗവ്യാപനം തടയുമന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ 68 ദിവസം നീണ്ടു നിന്ന നിയന്ത്രണങ്ങള്‍ തൊഴിലില്ലായ്മക്കും പലരുടെയും ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയായെന്ന് ബിബിസി വ്യക്തമാക്കുന്നു. മുംബൈയിലും ഡല്‍ഹിയിലും മറ്റ് രോഗങ്ങള്‍ക്ക് പലര്‍ക്കും ചികിത്സ ലഭിക്കാത്ത സാഹചര്യം വരെയുണ്ടായി.
ലോക്ക്ഡൗണിന് മുന്നോടിയായുള്ള തയാറെടുപ്പിന്റെ അഭാവമാണ് നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് അതിഥി തൊഴിലാളികളെ മടക്കി അയക്കുന്നതിന് പ്രാദേശിക സർക്കാരുകൾ തയാറാകാത്തതെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പൊതുഗതാഗതമില്ലാതെ, റോഡ് മാര്‍ഗം ആളുകൾ അവരുടെ വീട്ടിലേക്ക് മങ്ങി, പലരും അപകടങ്ങളിലും പട്ടിണിയിലും മരണപ്പെട്ടു.