കേന്ദ്രത്തിൽ നരേന്ദ്രമോഡി സർക്കാർ ആദ്യമായി അധികാരമേറ്റതിന്റെ ആറാം വാർഷികമാണ് ശനിയാഴ്ച കഴിഞ്ഞുപോയത്. പക്ഷേ വാർഷിക ദിനത്തിലുള്ള പാർട്ടിയുടെ ആഘോഷങ്ങളല്ല രാജ്യത്താകെ ആ ദിവസത്തെ അടയാളപ്പെടുത്തിയത്, പകരം ഉത്തർപ്രദേശിലെ ഔരയ ജില്ലയിൽ നടന്ന ദുരന്തത്തിന്റെ നേർ ചിത്രങ്ങളാണ്. തൊഴിൽ ചെയ്യുന്ന നഗരത്തിലെ സാമ്പത്തിക ഞെരുക്കത്തിന്റെ സമ്മർദ്ദത്താൽ, ഗ്രാമീണ ബീഹാറിലോ യുപിയിലോ ഒഡിഷയിലോ ഉള്ള വീടുകളിലേക്ക് തിരിച്ചുപോവാൻ നിർബന്ധിതരായി നിരവധി പേരാണ് രാജ്യത്താകെയുള്ള ദേശീയ പാതകളിലൂടെ പലായനം തുടർന്നുകൊണ്ടിരിക്കുന്നത്.

“6 സാൽ ബെമിസാൽ” ( സമാനതകളില്ലാത്ത ആറുവർഷം) എന്ന പേരിൽ സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് ബിജെപി ഒരു സോഷ്യൽ മീഡിയ വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗവും കേന്ദ്രത്തിലെയും, യുപി, ബീഹാർ സംസ്ഥാനങ്ങളിലെയും സർക്കാരുകളും അത്ര സ്വസ്ഥമായ അവസ്ഥയിലല്ല, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനനുസരിച്ച് രൂക്ഷമാവുമെന്ന് കരുതുന്ന, ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുൻകൂട്ടി കാണാൻ കഴിയാതിരുന്നതിനാൽ.

Read More | കണ്ണീരടക്കാനാവില്ല, തൊഴിലാളികളുടെ അവസ്ഥ അതി ദയനീയം: മദ്രാസ് ഹൈക്കോടതി

ആദ്യഘട്ടത്തിൽ, സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ പഴിചാരാനായിരുന്നു കേന്ദ്രസർക്കാർ ശ്രമിച്ചത്. പശ്ചിമ ബംഗാൾ, ഝാർഘണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക (ശ്രമിക് സ്പെഷ്യൽ) ട്രെയിനുകൾ ഓടിക്കാൻ അനുവദിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ആരോപിച്ചിരുന്നു. അതിന് തൊട്ടടുത്ത ദിവസം തന്നെ ‘ ഔരായ അപകടം അടിവരയിടുന്നത്, തൊഴിലാളികൾ എത്തിച്ചേരുന്ന സംസ്ഥാനങ്ങൾ അടക്കം ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും ഈ പ്രശ്നം ബാധിച്ച തൊഴിലാളികളടക്കമുള്ളവർക്ക് മേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും പര്യാപ്തമായ വ്യോമ, റെയിൽ, റോഡ് ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയാണ്’ എന്ന് പാർപ്പിട, നഗര വികസന മന്ത്രി ഹർദീപ് സിങ്ങ് ട്വീറ്റ് ചെയ്തിരുന്നു.

അതീവ ദുഖകരം എന്നാണ് ഔരായ ദുരന്തത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി വിവരിച്ചത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ അദ്ദേഹം മരിച്ചവരുടെ കുടുംബങ്ങളോട് അനുകമ്പ പ്രകടിപ്പിക്കുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു.

14.3 ലക്ഷം പേരെ 37,978 ദുരിതാശ്വാസ ക്യാംപുകളിലായി പാർപ്പിച്ചിട്ടുണ്ടെന്നും മറ്റ് 1.3 കോടി പേർക്ക് ആഹാരം ലഭ്യമാക്കുന്നതിനായി 26,225 അധിക ഭക്ഷ്യവിതരണ ക്യാംപുകൾ കൂടി തുറക്കുമെന്നുമാണ് രാജ്യം ആദ്യഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന ദിനങ്ങളിൽ കേന്ദ്ര സർക്കാർ സുപ്രീംകോടതിയോട് പറഞ്ഞത്. 16.5 ലക്ഷം തൊഴിലാളികൾക്ക് അവരുടെ തൊഴിലുടമകൾ വഴി ഭക്ഷണവും പാർപ്പിടവും ലഭ്യമാക്കിയെന്നും സർക്കാർ പറഞ്ഞിരുന്നു.

എന്നാൽ, ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് 24നു ശേഷം രണ്ടുമാസം കഴിയാനായിട്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടരുന്നുവെന്നത്, നാല് മണിക്കൂർ മാത്രം സമയം നൽകി പ്രധാനമന്ത്രി പ്രഖ്യാപിച്ച തീരുമാനം കാരണം ജനജീവിതത്തിലുണ്ടായേക്കാവുന്ന തടസ്സങ്ങളെ സർക്കാർ ചെറുതായി കണ്ടു എന്നതാണ് അടിവരയിടുന്നത്.

Read More | അതിഥി തൊഴിലാളികളെ നിരീക്ഷിക്കാനോ പലായനം തടയാനോ ആകില്ല: സുപ്രീം കോടതി

നടന്നും, സൈക്കിളിലും, ട്രക്കുകളുടെ പിറകിൽ തിങ്ങിനിറഞ്ഞും കുട്ടികളെയും കൂട്ടി ജീവിത സമ്പാദ്യങ്ങളെല്ലാം ചുമലിലേറ്റിയും നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടെ അതിഥി തൊഴിലാളികൾ മരണപ്പെടുന്ന സംഭവങ്ങൾ അവരുടെ അരക്ഷിതാവസ്ഥ എത്രത്തോളമെന്നും ദീർഘിപ്പിച്ച ലോക്ക്ഡൗൺ കാരണം രാജ്യത്തുണ്ടാവുന്ന ആഘാതങ്ങളെക്കുറിച്ച് സർക്കാർ എത്രത്തോളം തെറ്റായ വായന നടത്തിയെന്നും വ്യക്തമാക്കുന്നു.

ഔരായയിലെ അപകടത്തോട് കൂടി രാജ്യത്തെ റോഡുകളിൽ കഴിഞ്ഞ 54 ദിവസത്തിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം 134 ആയി. മേയ് നാലിന് ആരംഭിച്ച മൂന്നാംഘട്ട ലോക്ക്ഡൗണിന് ശേഷമാണ് ഈ മരണങ്ങളിൽ കൂടുതലും സംഭവിച്ചത്.

മേയ് ആറിന് ശേഷം 19 വ്യത്യസ്ത സംഭവങ്ങളിലായി ചുരുങ്ങിയത് 96 അന്തർ സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് വാർത്താ റിപോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലാളികൾക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കൃത്യമായ കണക്കുകൾ കണ്ടെത്താനാവാതെ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഇടറിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.

മാർച്ച് അവസാന വാരം കേന്ദ്രം ആവശ്യപ്പെട്ടത് സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കണമെന്നാണ്. തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് നടന്നുപോവാൻ ശ്രമിക്കാതിരിക്കാൻ അന്തർ സംസ്ഥാന അതിർത്തികൾ അടയ്ക്കാനും കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നിരിക്കിലും, ഒരു മാസത്തിന് ശേഷം, മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ സഞ്ചാരം ആരംഭിക്കുന്നതിന്  കേന്ദ്രസർക്കാർ അനുമതി നൽകി.

Read More | ട്രെയിൻ ടിക്കറ്റ് ലഭിക്കാൻ ക്വാറന്റൈൻ ചട്ടം അംഗീകരിക്കണം: ഓൺലൈൻ ബുക്കിങ് സേവനത്തിൽ മാറ്റം വരുത്തി റെയിൽവേ

തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിനുകളും സർക്കാർ പ്രഖ്യാപിച്ചു, മേയ് ഒന്നിന് തെലങ്കാനയിൽനിന്ന് ഝാർഖണ്ഡിലേക്ക് ആദ്യ ട്രെയിൻ യാത്ര തിരിച്ചു. തൊഴിലാളികൾ നാട്ടിലേക്ക് നടന്നു പോവുന്ന സാഹചര്യമുണ്ടാവരുതെന്നും അവർ നാട്ടിലേക്ക് പോവാൻ ശ്രമിക് ട്രെയിനുകളെ ആശ്രയിക്കുന്നണ്ടെന്നും ഉറപ്പ് വരുത്താൻ ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വെള്ളിയാഴ്ച സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിരുന്നു.

വെള്ളിയാഴ്ച വരെ,  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള 1000ഓളം ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിലായി 10 ലക്ഷത്തോളം അതിഥി തൊഴിലാളികൾ യാത്ര ചെയ്തു. എന്നാൽ വലിയ സംഖ്യയായി ഇത് തോന്നാമെങ്കിലും മറ്റ് സംസ്ഥാനങ്ങളെ ജോലിക്കായി ആശ്രയിക്കുന്ന തൊഴിലാളികളിൽ ചെറിയൊരു വിഭാഗം മാത്രമാണിവർ. 2016-17ലെ സാമ്പത്തിക സർവേ പ്രകാരം രാജ്യത്തെ അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം 10 കോടിയിലധികമാണെന്നാണ് കണക്കാക്കുന്നത്.


കോവിഡ് മഹാമാരി കുറഞ്ഞ നിരക്കിൽ മാത്രമുള്ള ഗ്രാമങ്ങളിലേയോ ചെറു പട്ടണങ്ങളിലേയോ ഗ്രീൻ സോണുകളിലുള്ള സ്വദേശങ്ങളിലേക്കാണ് തൊഴിലാളികൾ,നഗരങ്ങളിലെ റെഡ് സോൺ മേഖലകളിൽ നിന്ന് എത്തിച്ചേരുന്നതെന്നതിന്റെ ആശങ്ക സർക്കാരുകൾക്കുണ്ട്. അവരെ യാത്ര ചെയ്യാൻ അനുവദിച്ചാൽ വൈറസ് വ്യാപന വെല്ലുവിളി ഉയരുമെന്നും അത് നിലവിൽ തന്നെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ തകർച്ചയിലുള്ള, സാമ്പത്തികമായി പിറകിലുള്ള സംസ്ഥാനങ്ങൾക്ക് ഭീഷണിയാവുമെന്നും ആശങ്ക ഉയരുന്നു.

അതിഥി തൊഴിലാളി പ്രതിസന്ധിയുടെ വ്യാപ്തി വലുതാണെന്ന് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും സമ്മതിക്കുന്നു. ഈ പ്രതിസന്ധിയുടെ രൂക്ഷത ഇനിയും ദൃശ്യമാവാൻ തുടങ്ങിയിട്ടില്ലെന്നും ഇതിൽ ചില നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Read More | കോവിഡ് കാരണം ഇന്ത്യയിലെ 70 ശതമാനത്തിലധികം ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് പഠനം

ബിജെപി- ജെഡിയു സഖ്യ സർക്കാർ ഭരിക്കുന്ന, ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലെ ഒരു ബിജെപി നേതാവ് പറഞ്ഞത് ‘തങ്ങൾ ഇതുവരെ ചെയ്തതൊന്നും ഈ വെല്ലുവിളി നേരിടാൻ പര്യാപ്തമല്ല’ എന്നാണ്. ” കേന്ദ്രത്തിലും സംസ്ഥാനത്തും ഞങ്ങളാണ് അധികാരത്തിൽ, ജനങ്ങളുടെ അമർഷം ഞങ്ങൾക്കെതിരേ എളുപ്പത്തിൽ ലക്ഷ്യം വയ്ക്കപ്പെടാം.”- ബിജെപി നേതാവ് പറഞ്ഞു.

ഇത് മുൻപെങ്ങും നടക്കാത്ത കാര്യമാണെന്നും സർക്കാർ ലഭ്യമായ സൗകര്യങ്ങളുപയോഗിച്ച് ഇത് കൈകാര്യം ചെയ്യാൻ ശ്രമിക്കുകയാണെന്നുമാണ് ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞത്. ഇപ്പോൾ തിരഞ്ഞെടുപ്പിനെക്കുറിച്ചല്ല ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വ്യാഴാഴ്ച ബിജെപി പ്രസിഡൻഡ് ജെപി നദ്ദ പാർട്ടി പ്രവർത്തകരോട് തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും പാദരക്ഷകളും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ പാതകളിൽ ഓരോ 100-150 കിലോമീറ്റർ ദൂരപരിധിയിലും അഭയ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും ആംബുലൻസ് സർവീസുകൾ സജ്ജമാക്കാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടണമെന്നും സംസ്ഥാന നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ നദ്ദ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച ഔരായയിലെ തൊഴിലാളികളുടെ മരണം തന്നെ ദുഖത്തിലാക്കിയെന്ന് നദ്ദ ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

ലേഖകർ: ലിസ് മാത്യു, കൃഷ്ണ് കൗശിക്

Read More | 119 killed, countless stuck: On anniversary, a shadow on the road

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook