ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അല്‍ജോ കെ.ജോസഫിനെ പാര്‍ട്ടി പുറത്താക്കി. കോണ്‍ഗ്രസിന്റെ ലീഗല്‍ വിങ് അംഗമാണ് മലയാളിയായ അല്‍ജോ. യൂത്ത് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് അല്‍ജോ ഹാജരായതെന്നും ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കിയതായും എഐസിസി അറിയിച്ചു.

ക്രിസ്റ്റ്യന്‍ മിഷേലിനായി അല്‍ജോ ജോസഫ് കോടതിയിലെത്തിയത് വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലാണ്. ഈ കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ് മുമ്പും ഇടപെട്ടിട്ടില്ല. അല്‍ജോ ജോസഫിന്റെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും യൂത്ത്‌ കോണ്‍ഗ്രസ് ലീഗല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും യൂത്ത്‌ കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

അല്‍ജോ ജോസഫ് ക്രിസ്റ്റ്യന്‍ മിഷേലിനായി ഹാജയരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പ്രതിക്കൂട്ടിലാക്കി ബിജെപി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ മിഷേലിനായി താന്‍ ഹാജരായതിനെ ന്യായീകരിച്ച് കൊണ്ടായിരുന്നു അല്‍ജോ ജോസഫ് രംഗത്തെത്തിയത്. പാര്‍ട്ടിയേയും തന്റെ തൊഴിലിനെയും രണ്ടായി കാണണമെന്നായിരുന്നു അല്‍ജോ ജോസഫിന്റെ ന്യായീകരണം.

അല്‍ജോയ്ക്കു പുറമെ മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവരാണു മിഷേലിനുവേണ്ടി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായത്. ദുബായ് കോടതിയില്‍ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണു തന്നെ കേസ് ഏല്‍പിച്ചതെന്നും തന്റെ രാഷ്ട്രീയവുമായി ജോലിയെ കൂട്ടിയിണക്കേണ്ടെന്നും അല്‍ജോ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook