വാഷിങ്ടണ്‍: ലോകപ്രശസ്ത സംഗീതജ്ഞനും ഡാന്‍സറുമായിരുന്ന മൈക്കിള്‍ ജാക്സനെ പിതാവ് ജോ ജാക്സന്‍ രാസപദാര്‍ത്ഥ സഹായത്തോടെ വന്ധ്യംകരിച്ചിരുന്നതായി വിവാദ ഡോക്ടര്‍ കോണ്‍റാഡ് മുറെ. മൈക്കിള്‍ ജാക്സന്റെ ഡോക്ടറായിരുന്ന മുറെ 2009ല്‍ ജാക്സന്റെ മരണത്തിന് പിന്നാലെ 2 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ‘ദ ബ്ലാസ്റ്റ്’ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

89 വയസായിരുന്ന ജോ കഴിഞ്ഞ മാസമാണ് മരിച്ചത്. ‘ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട അച്ഛന്‍’ എന്നാണ് ജോയെ കുറിച്ച് മുറെ പറഞ്ഞത്. പിതാവിന്റെ കൈകളില്‍ ബന്ധിതനായ മൈക്കിള്‍ ജാക്സന്‍ ഒരുപാട് അനുഭവിച്ച വ്യക്തിയാണെന്നും മുറെ പറഞ്ഞു. അദ്ദേഹം ചെയ്ത പാപങ്ങളൊക്കെ നരകത്തില്‍ വച്ച് പൊറുക്കപ്പെടട്ടേയെന്നും മുറെ വ്യക്തമാക്കി. മൈക്കിള്‍ ജാക്സന്റെ സ്വതസിദ്ധമായ ശബ്ദം നഷ്ടമാവാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. ‘ക്രൂരനായ ആ മനുഷ്യന്‍ മരിച്ചതില്‍ ഒരിറ്റ് കണ്ണീര് പോലും ഞാന്‍ പൊഴിക്കില്ല’, മുറെ പറഞ്ഞു.

മൈക്കിള്‍ ജാക്‌സന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മുറെ മരുന്നുകള്‍ ഓവര്‍ ഡോസായാണ് നല്‍കിയിരുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. 2009 ജൂണ്‍ 25നാണ് ജാക്‌സണ്‍ മരിച്ചത്. ജാക്‌സണിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇന്നും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. തിരിച്ചടികളില്‍ നിന്നു മുക്തനായി ജീവിതത്തിലും അരങ്ങിലും തിരിച്ചു വരവിനു ശ്രമിക്കുന്ന ജാക്സനെ ശുശ്രൂഷിക്കാന്‍ 2009 മെയ് മാസം വീട്ടുകാര്‍ നിയമിച്ചതാണ് ഡോ.മുറെയെ. ലാസ്‌വെഗാസുകാരനായ മുറെ കാര്‍ഡിയോളജിസ്റ്റാണ്. ജാക്സന്‍ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു മുറെ. ഏതു പാതിരാത്രിക്കും ആ വീട്ടില്‍ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്ന വ്യക്തി. എന്നാല്‍ 2009 ജൂണ്‍ ഇരുപത്തഞ്ചിന് ലോകത്തെ നടുക്കി ജാക്സന്‍ യാത്രയായ രാത്രി, ഡോക്ടര്‍ മുറെയുടെ സേവനം കിട്ടിയിരുന്നില്ല.

ഡോ. കോണ്‍റാഡ് മുറെ

ജാക്സന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വന്നതു മുതല്‍ മുറെ സംശയത്തിന്‍റെ നിഴലിലായി. പ്രൊപ്പോഫോള്‍ അടക്കമുള്ള കടുത്ത പെയ്ന്‍ കില്ലറുകള്‍ ജാക്സന്‍റെ ശരീരത്തില്‍ കലര്‍ന്നിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ജാക്സന്‍റെ മുറിയില്‍ നിന്നു കിട്ടിയ മുറെയുടെ ബാഗാണ് സംശയം ഇരട്ടിപ്പിച്ചത്. ഈ ബാഗില്‍ അനസ്തേഷ്യക്കുള്ള മരുന്നുകള്‍ ഉണ്ടായിരുന്നു. രാത്രിയില്‍ ഉറക്കമില്ലാതെ തനിക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്ന ജാക്സന്‍ അറിയിച്ചപ്പോഴാണ് പ്രൊപ്പോഫോള്‍ പോലെയുള്ള മരുന്നുകള്‍ നല്‍കിയതെന്ന് മുറെ നേരത്തെ സമ്മതിച്ചിരുന്നു.

എന്നാല്‍ കടുത്ത മരുന്നുകള്‍ കൊടുത്ത് ജാക്സനെ ഉറക്കുകയായിരുന്നുവെന്ന് മുറെ ആരോടും പറഞ്ഞിരുന്നില്ലത്രേ. ജാക്സനെ ഏറ്റവും ഒടുവില്‍ ജീവനോടെ കണ്ടത് ഡോ.മുറെയാണ്. അന്നു രാത്രി ജാക്സനെ ഉറക്കിയിട്ടാണ് മുറെ പോയത്. പിന്നെ ജാക്സന്‍ ഉണര്‍ന്നില്ല. താന്‍ നിപരാധിയാണെന്നു മുറെ ഉറപ്പിച്ചു പറയുന്നു. തുടര്‍ന്ന് ജോ ജാക്സന്‍ മുറെയ്ക്ക് എതിരായ കേസ് പിന്‍വലിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ