അര്‍ജെന്റീനയിലെ ബ്യൂണസ് അയേര്‍സിലാണ് എട്ടു പോലീസ്കാരുടെ ജോലി കളയിച്ച ഈ സംഭവം. അര ടണ്ണോളം വരുന്ന കഞ്ചാവ് പോലീസ് വെയര്‍ഹൌസില്‍ നിന്നും കാണാതെ പോയതിനെത്തുടര്‍ന്ന് പോലീസ് നല്‍കിയ വിശദീകരണത്തില്‍ തൃപ്തിയില്ലാത്തത് കൊണ്ടാണ് അവര്‍ ഡിസ്മിസ്‌ ചെയ്യപ്പെട്ടതെന്ന് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അവിടെ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നു തീര്‍ത്തു എന്നാണ് പോലീസ് നല്‍കിയ വിശദീകരണം.

അര്‍ജെന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേര്‍സില്‍ നിന്നും 60 കിലോമീറ്റര്‍ മാറിയുള്ള പിലാര്‍ എന്ന സ്ഥലത്താണ് സംഭവം. പിടിക്കപെട്ട തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരിക്കുന്ന പോലീസ് വെയെര്‍ഹൗസില്‍ നടന്ന പരിശോധനയിലാണ് വിവരം പുറത്തു വന്നത്. രണ്ടു വര്‍ഷങ്ങളായി അവിടെ സൂക്ഷിച്ചിരിക്കുന്ന 6,000 കിലോ കഞ്ചാവ് കണക്കെടുത്തപ്പോള്‍ 5,460 കിലോ മാത്രമായി ചുരുങ്ങി.

കോടതിയില്‍ വിഷയം വിശദീകരിക്കവേ പോലീസ് വെയെര്‍ഹൗസിന്‍റെ ചാര്‍ജ് ഉള്ള എല്ലാ ഉദ്യോഗസ്ഥരും ഒരു പോലെ പറഞ്ഞത് ഇതാണ്. “കാണാതായ കഞ്ചാവ് മുഴുവന്‍ തിന്നത് എലികളാണ്”എന്ന്.

എന്നാല്‍ ഒരു വലിയ കൂട്ടം എലികള്‍ക്ക് പോലും ഇത്രയും കഞ്ചാവ് തിന്നാന്‍ സാധിക്കില്ല എന്ന് ഫോറന്‍സിക് വിദഗ്ദര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു.

“ബ്യൂണസ് അയേര്‍സ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരും ഇത് തന്നെയാണ് പറയുന്നത്. കഞ്ചാവ് ഭക്ഷണമാണ് എന്ന് എലികള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യത ഇല്ല. എന്ന് മാത്രമല്ല, ഇത്രയധികം കഞ്ചാവ് എലികള്‍ തിന്നിട്ടുണ്ടെങ്കില്‍ അവ മരിക്കും. ചത്ത എലികള്‍ അവിടെത്തന്നെ കിടക്കും. പോലീസ് വെയെര്‍ഹൗസില്‍ നിന്നും ചത്ത എലികളെ കിട്ടിയിട്ടില്ല.”, കോടതിയുടെ വ്യക്താവ് കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ