കൊച്ചി: ബിജെപിയുടെ ഐടി സെൽ വിഭാഗത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും നിരീക്ഷിക്കാനുളള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് സൂചന.

ഹാക്ക് ചെയ്തവർ “ഞങ്ങൾക്ക് സ്വകാര്യത വേണം” എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാചകമാണ് തലക്കെട്ടിൽ നൽകിയത്. ഇതിന് ചുവപ്പ് നിറമാണ് നൽകിയത്. ശേഷം,  “സ്വകാര്യത ഞങ്ങളുടെ അവകാശമാണ്,” “ഞങ്ങൾ ബിജെപിയുടെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരും,” “കളളപ്പണത്തിന്റെ മുഴുവൻ കണക്കും ഞങ്ങളുടെ പക്കലുണ്ട്,” “നിയമം മാറ്റൂ, അല്ലെങ്കിൽ രാജ്യം വിടൂ,” “ഇനി ഒരു തിരഞ്ഞെടുപ്പും ബിജെപി ജയിക്കില്ല, ഞങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് തെളിവുകൾ പുറത്തുവിടും,” “ജനങ്ങളെ നിയന്ത്രിക്കാൻ ബിജെപിക്ക് കഴിയില്ല,” “എല്ലാ തെളിവുകളും കോടതിയെലെത്തുന്ന സമയത്തിനായി കാത്തിരിക്കൂ,” “ഞങ്ങളെ പ്രതീക്ഷിക്കൂ” എന്നിങ്ങനെയാണ് പിന്നീട് കുറിച്ചിരിക്കുന്നത്.

രാജ്യത്തെ കംപ്യൂട്ടറുകളിലെ ഡാറ്റകൾ പരിശോധിക്കുന്നതിന് പത്ത് ഏജൻസികളെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയത്.  നിയമപ്രകാരമാണ് പത്ത് ഏജന്‍സികള്‍ക്ക് കംപ്യൂട്ടറിലെ ഏത് ഡറ്റയും പരിശോധിക്കാന്‍ അനുമതി നല്‍കിയതെന്നും, അതാത് കാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ചില ഏജന്‍സികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും ജെയ്റ്റ്‍ലി ഇന്നലെ രാജ്യസഭയിൽ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സ്, ഡയറ്റക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ്, കമ്മീഷണർ ഓഫ് പൊലീസ് എന്നീ എജൻസികൾക്കാണ് ഡാറ്റ പരിശോധിക്കാനുള്ള ചുമതല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ