ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങളിൽ ആവശ്യാനുസരണം നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. രോഗവ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഉത്തരവും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
“സജീവകേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ പുതിയ ഒമിക്രോൺ വകഭേദം മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണെന്ന് പറയപ്പെടുന്നു, ഇത് കോവിഡ് നിയന്ത്രണങ്ങൾക്ക് പുതിയ വെല്ലുവിളിയാണ്. രാജ്യത്ത് 19 സംസ്ഥാനങ്ങളിലായി 578 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്” ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറഞ്ഞു.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും കത്തിൽ പറഞ്ഞു. പുതിയ വകഭേദം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സംസ്ഥനത്തെ ആരോഗ്യ സംവിധാനം സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും ആവശ്യത്തിനു ഓക്സിജൻ കിടക്കകളും മരുന്നുകളും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Also Read: രാജ്യത്ത് ഒമിക്രോൺ കേസുകൾ 578 ആയി ഉയർന്നു; കൂടുതൽ ഡൽഹിയിൽ
ലോകത്താകെ 119 രാജ്യങ്ങളിൽ ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യുഎസ്, യുകെ, യൂറോപ്പ് (ഫ്രാൻസ്, ഇറ്റലി, സ്പെയിൻ), റഷ്യ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും അതിൽ പറഞ്ഞു.
“എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എല്ലാ മുൻകരുതലുകളും സ്വീകരിക്കണം, ജാഗ്രത കൈവിടരുത് . പ്രാദേശിക/ജില്ലാ ഭരണകൂടങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ നിയന്ത്രണ നടപടികൾ ഉടനടി സ്വീകരിക്കണം. ആഘോഷങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യാനുസരണം പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംസ്ഥാനങ്ങൾ പരിഗണിക്കണം,” അജയ് ഭല്ല കത്തിൽ കുറിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും പൊതുഇടങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തിൽ പറഞ്ഞു. ഒമിക്രോൺ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയണമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.