ന്യൂഡൽഹി: രാജ്യത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുന്ന വേതനം 15 സംസ്ഥാനങ്ങളിലെ കാർഷിക വേതനത്തേക്കാൾ കുറവാണെന്ന് സമിതി. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പരിഷ്കരിക്കുന്നത് സംബന്ധിച്ച കാര്യം ചർച്ച ചെയ്ത സമിതിയാണ് ഇക്കാര്യം വിലയിരുത്തിയത്. ഇതോടെ തൊഴിലുറപ്പ് വേതന വർദ്ധനവിനുള്ള തീരുമാനം കൂടി പുറത്തുവന്നു.

4500 കോടി ബഡ്ജറ്റ് വർദ്ധനവോടെ തൊഴിലുറപ്പ് ചട്ടങ്ങൾ പരിഷ്കരിക്കാനാണ് ഇപ്പോൾ സമിതി ആലോചിക്കുന്നത്. അടുത്ത മാസം ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചേക്കുമെന്ന് വിവരം. കർണ്ണാടക, പഞ്ചാബ്,ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, മിസോറാം, ആന്തമാൻ നിക്കോബാർ, സിക്കിം, ആന്ധ്ര, തെലങ്കാന, ഹരിയാന, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലാണ് തൊഴിലുറപ്പ് പദ്ധതിയേക്കാൾ ഉയർന്ന കാർഷിക വേതനം ഉള്ളത്.

ഈ സംസ്ഥാനങ്ങളിലെ ശരാശരി കാർഷിക വേതനത്തിന് തുല്യമായി തൊഴിലുറപ്പ് വേതനം വർദ്ധിപ്പിക്കാനാണ് സമിതിയുടെ ആലോചന. ഇത് യാഥാർത്ഥ്യമാവുകയാണെങ്കിൽ ആകെ തൊഴിലുറപ്പ് പദ്ധതി ബജറ്റിൽ 4800 കോടിയുടെ വർദ്ധനവുണ്ടാകും.

ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്തൃ വില നിലവാരത്തെ അടിസ്ഥാനപ്പെടുത്തി വേതനം പരിഷ്കരിക്കുകയാണെങ്കിൽ 600 കോടി അധികം ബജറ്റിലുൾപ്പെടുത്തും. ഇപ്പോഴത്തെ ശരാശരി പ്രതിദിന വേതനം രാജ്യത്ത് 224 രൂപയും തൊഴിലുറപ്പ് വേതനം 168 രൂപയുമാണ്. ഈയിടെ ഝാർഖണ്ഡ് ചീഫ് സെക്രട്ടറി രാജ്ബാല വർമ തൊഴിലുറപ്പ് വേതനം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന കാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ