വെറാക്രൂസ്: മെക്സിക്കോയിൽ കിഴക്കൻ സംസ്ഥാനമായ വെറാക്രൂസിൽ 166 മനുഷ്യ തലയോട്ടികള്‍ അന്വേഷണസംഘം കണ്ടെത്തി. വനമ്പ്രദേശത്തെ കൂട്ടകുഴിമാടങ്ങളില്‍ നിന്നാണ് തലയോട്ടികളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വെറാക്രൂസിലെ ഏത് പ്രദേശത്ത് നിന്നാണ് ഇത്രയും തലയോട്ടികള്‍ കണ്ടെത്തിയതെന്ന് വെളിപ്പെടുത്താനാവില്ലെന്ന് പ്രോസിക്യൂട്ടര്‍ ജോര്‍ജ് വിന്ക്ലര് പറഞ്ഞു.
മയക്കുമരുന്നു കടത്തുകാര്‍ ഇരകളുടെ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ നിര്മിച്ചവയാവാം ഇവയെന്ന് പോലീസ് പറഞ്ഞു. ഇത്രയധികം ശരീരാവശിഷ്ടങ്ങൾ എങ്ങനെ ഇവിടെയെത്തി എതെന്നതിന് വിശദീകരണം നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം മാർച്ചിൽ 250 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയതും സമീപ പ്രദേശത്ത് നിന്നാണ്. രണ്ട് വര്‍ഷം മുമ്പ് കുഴിച്ചിട്ടതാണ് ഈ മൃതദേഹങ്ങളെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. പ്രദേശത്ത് നിന്നും 114 തിരിച്ചറിയല്‍ കാര്‍ഡുകളും ലഭ്യമായിട്ടുണ്ട്. 32 ഓളം കുഴിമാടത്തില്‍ നിന്നുമാണ് ഇത്രയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്ന രാജ്യമാണ് മെക്സിക്കോ. മയക്കുമരുന്ന് സംഘങ്ങള്‍ നടത്തുന്ന ആക്രണണത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയക്കാരുമടക്കം നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. ഇരകളെ പുറംലോകം അറിയാതെ കുഴിച്ചുമൂടാന്‍ പലപ്പോഴും ഒരേ കുഴിമാടം തന്നെയായിരിക്കും കുറ്റവാളിസംഘം ഉപയോഗിക്കുന്നത്. വസ്ത്രങ്ങള്‍, മറ്റ് വസ്തുക്കള്‍, പഴ്സുകള്‍, മൃതദേഹാവശിഷ്ടങ്ങള്‍ എന്നിവ കണ്ടെത്തിയെങ്കിലും എണ്ണം എടുക്കാനായി തലയോട്ടികള്‍ ആണ് അന്വേഷണ സംഘം പരിഗണിക്കുന്നത്. ലഹരിമരുന്ന് ഇടപാട് സംഘങ്ങള്‍ പരസ്പരം പോരടിക്കുന്ന കുപ്രസിദ്ധ പ്രദേശമാണ് വെറാക്രൂസ്. ഒരു ദൃക്സാക്ഷിയുടെ മൊഴിയെ തുടര്‍ന്നാണ് അന്വേഷണ സംഘം പ്രദേശത്ത് കുഴിച്ച് നോക്കിയത്. റഡാറുകള്‍, ഡ്രോണുകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് ഒരു മാസം മുമ്പ് തന്നെ ഈ പ്രദേശം കണ്ടെത്താന്‍ അന്വേഷണം സംഘം ശ്രമം തുടങ്ങിയിരുന്നു.
2016ലും 2017ലും വെറാക്രൂസ് അന്വേഷണ സംഘം 253 മനുഷ്യ തലയോട്ടികള്‍ കണ്ടെത്തിയിരുന്നു. 2011ല്‍ ദുരാംഗോയില്‍ നിന്ന് 236 മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോകപ്പെട്ട ഇരകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 2013ല്‍ വെറാക്രൂസില്‍ നിന്നും കാണാതായ പൊലീസ് ഡിറ്റക്ടീവിന്റെ മൃതദേഹം ഇത്തരമൊരു കുഴിമാടത്തില്‍ നിന്നാണ് കണ്ടെത്തിയത്.